കോവളത്ത് വിദേശ പൗരന്‍ വാങ്ങിയ മദ്യം റോഡില്‍ ഒഴിപ്പിച്ച് പോലീസ്

തിരുവനന്തപുരം: കോവളത്ത് വിദേശി വാങ്ങിയ മദ്യം പോലീസ് റോഡില്‍ ഒഴിപ്പിച്ചു. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നിലപാട് എടുത്തതോടെയാണ് ഡച്ച് പൗരനായ സ്റ്റീവ് ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞത്. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണുകയും ചെയ്തു.

വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കുറച്ച് ദിവസമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റീവ് മുറിയില്‍ പുതുവത്സരം ആഘോഷിക്കാനാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയത്. ഇതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടഞ്ഞുനിര്‍ത്തി ബാഗ് പരിശോധിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി മദ്യം ബാഗില്‍ നിന്ന് കണ്ടെടുത്തതോടെ പോലീസ് ബില്‍ ചോദിച്ചു. ബില്‍ കൈവശമില്ലെന്നും ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പോലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റീവ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top