മലപ്പുറം:കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 100 കോടിയിലധികം ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 2.5 കോടി ചെലവില്‍ നിര്‍മിക്കുന്ന മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടെന്‍, മള്‍ട്ടിമീഡിയ ഷോയുടെ പ്രവൃത്തിയാണ് തുടങ്ങിയത്.
2015 ജനുവരി 26ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാവുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ മൂന്നാമത്തെയും മലബാറിലെ ആദ്യത്തെയും ലേസര്‍ ഷോയാണ് കോട്ടക്കുന്നില്‍ നിര്‍മിക്കുന്നത്. മലപ്പുറത്തിന്റെ സാംസ്‌കാരിക-സാമൂഹിക വളര്‍ച്ചയും വികാസവും ചിത്രീകരിക്കുന്ന പരിപാടിയും കുട്ടികള്‍ക്ക് ഉല്ലാസം പകരുന്ന വിവിധ പരിപാടികളുമാണ് മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടൈന്‍ – ലേസര്‍ ഷോയിലുള്‍പ്പെടുത്തിയിരിക്കുന്നത്. 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓരോ പരിപാടിയും 1000 പേര്‍ക്ക് ഒരുമിച്ചിരുന്ന് കാണാനുള്ള സൗകര്യമുണ്ടാകും. പണി പൂര്‍ത്തീകരിക്കുന്നതോടെ വാട്ടര്‍ ഫൗണ്ടെന്റെ പശ്ചാത്തലത്തില്‍ വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള സംവിധാനവുമുണ്ടാകും.
വൈകീട്ട് 7.30 മുതല്‍ എട്ട് വരെയായിരിക്കും ലേസര്‍ഷോ നടത്തുക. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സംസ്ഥാന നിര്‍മിതികേന്ദ്രയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചാണ് സാംസ്‌ക്കാരിക ചരിത്രം രൂപകല്പന ചെയ്യുക.
ജില്ലാ കലക്റ്റര്‍ കെ.ബിജു, അസി. കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍, സബ് കലക്റ്റര്‍ അമിത് മീന, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം ഗിരിജ, നിര്‍മിതി കേന്ദ്രം ചീഫ് എഞ്ചിനിയര്‍ ജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ.സുന്ദരന്‍, നിര്‍മിതി കേന്ദ്ര പ്രൊജക്റ്റ് ഡയറക്റ്റര്‍ പ്രൊഫ. ലക്ഷ്മണന്‍ നായര്‍, ഡി.റ്റി.പി.സി സെക്രട്ടറി വി.ഉമ്മര്‍കോയ അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, സി. സുകുമാരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എ മജീദ് എന്നിവര്‍ പങ്കെടുത്തു.



