മലപ്പുറം: കോട്ടക്കുന്നിനെ ലോക വിനോദസഞ്ചാര ഭൂപടത്തിലേക്കുയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ അന്തിമ രൂപരേഖയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 100 കോടി ചെലവിലാണ് പദ്ധതി വരുന്നത്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദാരാഷോ കമ്പനി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ ചര്‍ച്ച നടത്തിയാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്. പദ്ധതിയുടെ ഒന്നാംഘട്ടമായ ലേസര്‍ ഷോയുടെ നിര്‍മാണം ജൂലൈയില്‍ ആരംഭിക്കും.
സിങ്കപ്പൂരിലെ സാന്റോസ പാര്‍ക്കിന്റെ മാതൃകയിലാണ് നവീകരണം. കോട്ടക്കുന്നിന്റെ തനിമ കൈവിടാതെയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുക. കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താതെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാവും വികസനം. 25 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. വിനോദസഞ്ചാരികള്‍ക്ക് ദിവസംമുഴുവന്‍ കോട്ടക്കുന്നില്‍ ചെലവഴിക്കാന്‍ ഉതകുന്ന സംവിധാനങ്ങളാണ് ഒരുക്കുന്നത്.
സ്‌കൈ ടവര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, കാബ്ള്‍ കാര്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, ട്രാഫിക് പാര്‍ക്ക്, ചില്‍ഡ്രന്‍സ് ഫണ്‍ സോണ്‍, സെവന്‍ ഡി തിയറ്റര്‍, സൈക്കിള്‍ റൈഡ്, സമ്മേളന ഹാള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ്പാര്‍ക്ക്, ഷോപിങ് ബസാര്‍, ഹെര്‍ബല്‍ ഗാര്‍ഡന്‍, വെള്ളച്ചാട്ടം, അക്വാറിയം എന്നിവയാണ് പ്രധാനമായും ഒരുങ്ങുന്നത്. നിലവിലുള്ള സ്‌നാക്ക് ബാറും കഫ്ത്തീരിയയും തുടര്‍ന്നും പ്രവര്‍ത്തിക്കും. കുടിവെള്ളസൗകര്യവും ടോയ്‌ലെറ്റും വികലാംഗര്‍ക്ക് സഹായകമാകുന്ന കേന്ദ്രങ്ങളും ഒരുക്കും.
ഡി.റ്റി.പി.സി ഹാളില്‍ നടന്ന മാസ്റ്റര്‍ പ്ലാന്‍ രൂപീകരണ ചര്‍ച്ചയില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, പി ഉബൈദുള്ള എംഎല്‍എ, കലക്റ്റര്‍ കെ.ബിജു, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം ഗിരിജ, ഡി.റ്റി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയി, ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് അംഗം എം.കെ മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.


