പെരിന്തല്‍മണ്ണ: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോട്ടക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)നെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടക്കലില്‍ താമസക്കാരിയുമായ 27 കാരിയാണ് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജനുവരിയില്‍ വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടില്‍ വെച്ചും പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും കോഴിക്കോട് വെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പറയുന്നു. കോട്ടക്കല്‍ പൊലീസ് ഈ മാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസ് അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




