Section

malabari-logo-mobile

ഹജ്ജിന് കേരളത്തില്‍നിന്നുള്ള ആദ്യസംഘം മദീനയില്‍ എത്തി

HIGHLIGHTS : The first group of pilgrims from Kerala reached Madinah

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ആദ്യ തീര്‍ഥാടക സംഘം മദീനയില്‍ എത്തി. ഇന്നലെ രാവിലെ 8.30ന് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് യാത്ര തിരിച്ചത്. മന്ത്രി വി അബ്ദുറഹിമാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
സൗദിയില്‍ എത്തിയ തീര്‍ഥാടകരെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമും ഹജ് മിഷന്‍ ഉദ്യോഗസ്ഥരും പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും കെഎംസിസി വൊളന്റിയര്‍മാരും ചേര്‍ന്ന് മദീനയിലെ ഹജ് ടെര്‍മിനലില്‍ സ്വീകരിച്ചു. 10 ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മക്കയിലേക്കു തിരിക്കും.

കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ തീര്‍ഥാടകരെ സിയാല്‍ അധികൃതര്‍, സിഐഎസ്എഫ്, സൗദി എയര്‍ലൈന്‍സ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 181 പുരുഷന്മാരും 196 സ്ത്രീകളുമടക്കം 377 പേരാണ് സംഘത്തിലുള്ളത്. ചടങ്ങില്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി, വൈസ് ചെയര്‍മാന്‍ മഫൂജ കാതൂന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അന്‍വര്‍ സാദത്ത് എംഎല്‍എ, കലക്ടര്‍ ജാഫര്‍ മാലിക്, സിയാല്‍ സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ സി ദിനേശ് കൂമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഇന്നലെ പുലര്‍ച്ചെ നടന്ന യാത്രയയപ്പു പ്രാര്‍ഥനാ സംഗമത്തിനുശേഷം തീര്‍ഥാടകരെ പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രാര്‍ഥനാസംഗമത്തിന് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് നിര്‍ദേശം നല്‍കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീന്‍കുട്ടി, പി പി മുഹമ്മദ് റാഫി, തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി, യു അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തില്‍നിന്ന് 5758 തീര്‍ഥാടകര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 2056 പുരുഷന്മാരും 3702 സ്ത്രീകളും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!