കൊടകര കുഴല്‍പ്പണ കവര്‍ച്ച: ഹാജരാകാനാവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച്ച നോട്ടീസ് അയച്ചേക്കും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചകേസ് ബിജെപിയുടെ കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ കൊടകര വിഷയത്തില്‍ അര്‍ധസത്യങ്ങളും നുണകളും ചേര്‍ത്ത് സിപിഐഎമ്മും ചില മാധ്യമങ്ങളുമാണ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊടകര സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

കുഴല്‍പ്പണ കേസില്‍ ബിജെപി മധ്യ മേഖല സംഘടനാ സെക്രട്ടറി എല്‍.പത്മകുമാറിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണം കൊണ്ടു വന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംഘടനാ സെക്രട്ടറിയായിരുന്നു എല്‍.പത്മകുമാര്‍. പ്രതികളില്‍ ചിലരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി നേതാക്കള്‍ക്ക് നല്‍കാനാണെന്ന് പൊലീസ് കണ്ടെത്തല്‍. നേരത്തെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ കെ സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്നും സഹായികള്‍ കാറിലേക്ക് മാറ്റിയ ബാഗുകളില്‍ ദുരൂഹതയുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ പരിശോധന നടത്തിയില്ലെന്നും ബാഗില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര്‍ സോജി ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ കൂടുതല്‍ ദുരൂഹതയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളില്‍ എന്തായിരുന്നുവെന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top