Section

malabari-logo-mobile

കേരളത്തെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന കേരളീയം എല്ലാ വര്‍ഷവും; കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ കേരളീയം പ്രദര്‍ശനവീഥി

HIGHLIGHTS : Keraliyam presents Kerala to the world every year; Kerala road from East Kota to Kavadiyar

ലോകോത്തര കേരളത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടി എല്ലാ വര്‍ഷവും നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആദ്യമായി ഈ വര്‍ഷം നവംബര്‍ 1 മുതല്‍ 7 വരെ നടത്തുന്ന കേരളീയം-2023 മഹത്തും ബൃഹത്തുമായ സാംസ്‌കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാ വര്‍ഷവും അതാത് വര്‍ഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നത്,’കേരളീയം-2023 സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

‘ലോകത്തിലെ അത്യപൂര്‍വം ഭാഗങ്ങളിലുള്ള ദേശങ്ങള്‍ക്ക് മാത്രം സാധ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ നാടാണ് കേരളം. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്തകളെ മുന്‍നിര്‍ത്തിയുള്ളതാണ് കേരളീയം-2023. കേരളീയത ഒരു വികാരമാവണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം. ഭാരതത്തിനാകെ അഭിമാനം നല്‍കുന്ന കേരളീയത. അതെന്താണെന്ന് ലോകം അറിയണം,’ മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

കേരളപ്പിറവി ദിനം മുതല്‍ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയില്‍ നടക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ വാഹന ഗതാഗതം ഉണ്ടാവില്ല. പ്രധാന നിരത്തുകളില്‍ ജനങ്ങളാണ് ഉണ്ടാവുക. 60 വേദികളിലായി 35 ഓളം പ്രദര്‍ശനങ്ങള്‍ ഇവിടെ അരങ്ങേറും. ഈ വീഥി മുഴുവന്‍ ദീപങ്ങള്‍ കൊണ്ടു അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ആറ് ട്രേഡ് ഫെയറുകള്‍, അഞ്ചു വ്യത്യസ്ത തീമുകളില്‍ ചലച്ചിത്രമേളകള്‍, അഞ്ചു വേദികളില്‍ ഫ്‌ളവര്‍ഷോ, എട്ടു വേദികളില്‍ കലാപരിപാടികള്‍, നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ അരങ്ങേറും.

കേരളീയം 2023 ല്‍ പങ്കെടുക്കാന്‍ അന്തര്‍ദേശീയ, ദേശീയ പ്രമുഖര്‍ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ വരും. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും. അത് നമുക്ക് പ്രയോജനപ്പെടും.

ലോകം മാറുമ്പോള്‍ നാം മാറേണ്ടതില്ല എന്ന അടഞ്ഞ ചിന്ത പാടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തിന്റെ എല്ലാ കോണിലേക്കും പടര്‍ന്നുപന്തലിച്ച സമൂഹമായ മലയാളിക്ക് അല്ലാതെ വേറെ ആര്‍ക്കാണ് കേരളം എന്ന വികാരം ഇങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുക? നമ്മുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെക്കുറിച്ച് നമുക്ക് ഉണ്ടാകേണ്ട അറിവുകള്‍ ഏതൊക്കെയാണെന്നും അവ എങ്ങനെ ഇവിടെ നടപ്പാക്കണമെന്ന് കൂടി കേരളവും 2023 അന്വേഷിക്കും,’ മുഖ്യമന്ത്രി പറഞ്ഞു.

മലയാളി സമൂഹം ഭൂഖണ്ഡാന്തരങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചു. ലോകമലയാളി എന്ന സങ്കല്പം തന്നെയുണ്ടായി. മലയാളി എത്തിചേര്‍ന്ന നാടുകളിലൊക്കെ അവിടുത്തെ സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിച്ചു. ഇത് ആ നാടിന് മലയാളികളോട് താല്പര്യം

തോന്നാന്‍ ഇടയാക്കി. ആ താല്പര്യത്തെ കേരളീയം 2023 പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയില്‍ ഊന്നിനിന്ന് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗും റോബോട്ടിക്സും ഉള്‍പ്പെടുന്ന പുതിയ അറിവുകള്‍ ഉല്പാദിപ്പിക്കുന്ന ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി മാറാന്‍ ഒരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മുടെ പുതിയ തലമുറയുടെ മികവ് ലോകത്തിന് അറിയാനുള്ള അവസരം കൂടിയാണ് ഈ പരിപാടി. നമ്മുടെ സമഗ്രവികസന കാഴ്ചപ്പാടിനെ അത് ഉത്തേജിപ്പിക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത, മധ്യ വരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊര്‍ജ്ജം പകരും. നവകേരള നിര്‍മിതിയുടെ വാതില്‍ തുറക്കുന്ന പല പരിപാടികളുടെയും സമന്വയമാണ് കേരളീയം-2023.

കേരളത്തിന്റെ നേട്ടങ്ങളെ ഇക്കഴ്ത്തി കാട്ടാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടി യഥാര്‍ത്ഥ കേരളത്തെ ഉയര്‍ത്തിക്കാട്ടുക എന്നതാണ്.

പരിപാടിയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. കേരളീയം 2023 തിരുവനന്തപുരത്ത് നടക്കുന്നതിന് അനുബന്ധമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നിയമസഭ വേദിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ്. ചീഫ് സെക്രട്ടറി ഡോ. വി വേണു ജനറല്‍ കണ്‍വീനറും വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ കണ്‍വീനറുമാണ്. ജനറല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, വി.എസ് അച്യുതാനന്ദന്‍ എന്നിവരാണ്.

രക്ഷാധികാരികളായി സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടും. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍.

കേരളീയം 2023 ന്റെ താല്‍ക്കാലിക ഓഫീസ് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങി. പരിപാടി സംബന്ധിച്ചു എല്ലാ വകുപ്പുകളും സെപ്റ്റംബര്‍ എട്ടിനകം ആദ്യയോഗം ചേര്‍ന്നു ആശയം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 20 നകം അന്തിമ ആശയവും നല്‍കണം. പരിപാടി ആരംഭിക്കുന്ന നവംബര്‍ ഒന്നിന് ഉദ്ഘാടനം നടക്കും. നവംബര്‍ 2 മുതല്‍ 6 വരെ നാല് വേദികളിലായി വിവിധ വിഷയങ്ങളില്‍ 20 സെമിനാറുകള്‍ നടക്കും. നവംബര്‍ 7 ന് നവകേരളത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു കൊണ്ടായിരിക്കും പരിപാടിയുടെ സമാപനം.

സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജു, ജി.ആര്‍ അനില്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു. കലാ, സാഹിത്യ, സാംസ്‌കാരിക,വ്യാപാര വാണിജ്യ മേഖലകളിലെ പ്രഗല്‍ഭര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!