സമ്പൂര്‍ണ യോഗ സംസ്ഥാനം കേരളത്തിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Kerala's goal is to become a complete yoga state: Minister Veena George

തിരുവനന്തപുരം: ഘട്ടം ഘട്ടമായി സമ്പൂര്‍ണ യോഗ സംസ്ഥാനം എന്ന പദവിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔപചാരികമായ യോഗ പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും അക്കാദമിക തലത്തില്‍ തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യോഗയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം മുന്‍ നിര്‍ത്തിക്കൊണ്ട് യോഗ വിപുലീകരിക്കാന്‍ സംസ്ഥാന ആയുഷ് വകുപ്പും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ കീഴില്‍ കേരളത്തിലുടനീളം 780-ല്‍ പരം യോഗ ക്രേന്ദ്രങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇത് കൂടാതെ 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളും സ്ഥാപിച്ചിട്ടുണ്ട്. 700 ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് കേന്ദ്രങ്ങള്‍, യോഗ വെല്‍നെസ് കേന്ദ്രങ്ങള്‍, പ്രത്യേക ആയുഷ് ജീവിതശൈലീ രോഗ ക്ലിനിക്കുകള്‍, ആയുഷ് ഗ്രാമങ്ങള്‍, യോഗ ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് യോഗ പരിശീലനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം പിടിച്ചുനിര്‍ത്തുന്നതിനും യോഗ ഏറ്റവും നല്ല ഉപാധിയാണ്. കഴിഞ്ഞ യോഗ ദിനം മുതല്‍ സംസ്ഥാനത്തെമ്പാടും ആരംഭിച്ച 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളിലൂടെ ലക്ഷക്കണക്കിന് പേര്‍ യോഗ പരിശീലനം നടത്തി. ഓരോ യോഗ ക്ലബ്ബിലും 50തോളം പേരാണ് യോഗ പരിശീലനം നേടിയത്. ഇതിലൂടെ അവരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചു.

‘ഏക ലോകം, ഏകാരോഗ്യം യോഗയിലൂടെ’ (Yoga for One Earth, One Health) എന്നതാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണത്തിന്റെ പ്രമേയം. ആയുഷ് ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് യോഗ ക്ലബ്ബുകള്‍ വഴിയും സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയും പ്രത്യേക യോഗ സെഷനുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള 700 ആയുഷ് ഹെല്‍ത്ത് & വെല്‍നൈസ് കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ 700 കേന്ദ്രങ്ങളിലും യോഗ ഹാള്‍ നിലവില്‍ വന്നിട്ടുണ്ട്.

സ്വാസ്ഥ്യ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍, സ്‌കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രത്യേകമുള്ള യോഗ പരിശീലനം ആയുഷ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററുകളില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്. വര്‍ക്കലയില്‍ സ്ഥിതി ചെയ്യുന്ന യോഗ നാച്ചുറോപ്പതി ആശുപത്രി വികസിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹെല്‍ത്ത് ടൂറിസം മെച്ചപ്പെടുത്താനും ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!