രഞ്ജിട്രോഫിയില്‍ കേരളം നേടിയത് ജയസമാനമായ നേട്ടം : മുഖ്യമന്ത്രി

HIGHLIGHTS : Kerala's achievement in Ranji Trophy is a victory-like achievement: Chief Minister

ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലില്‍ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് ആദരം നല്‍കുന്നതിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദര്‍ഭക്കെതിരായി ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടാനായിരുന്നെങ്കില്‍ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടു പടിയായി നമുക്ക് ഈ നേട്ടത്തെ കരുതാം. കായിക ഇനങ്ങളോട് എന്നും മമത കാട്ടിയ സംസ്ഥാനമാണ് കേരളം. ഒളിമ്പിക്സിലടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ നിരവധി കായിക താരങ്ങള്‍ നമുക്കുണ്ട്. ഫുട്ബോളില്‍ ദേശീയ നിലവാരത്തില്‍ ശ്രദ്ധേയമായ നിരവധി താരങ്ങളുണ്ടായി. അതേ സമയം എന്നും ക്രിക്കറ്റിനോട് ആത്മ ബന്ധം പുലര്‍ത്തിയ നാടാണ് നമ്മുടേത്. തലശ്ശേരിയാണ് ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ആദ്യത്തെ നാട്.

sameeksha-malabarinews

പരിചയ സമ്പന്നതയും യുവത്വവും ഒന്നു ചേര്‍ന്ന വിന്നിംഗ് കോമ്പോയായ കേരള ക്രിക്കറ്റ് ടീമിനെ കോച്ച് അമയ് ഖുറേസിയയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും കൂടുതല്‍ കരുത്തുറ്റതാക്കി. തോല്‍വിയറിയാതെ സെമിയില്‍ എത്തിയത് മികച്ച ടീം വര്‍ക്കിലൂടെയാണ്. ക്വാര്‍ട്ടറില്‍ കരുത്തരായ ജമ്മു കശ്മീരിനെയും സെമിയില്‍ ഗുജറാത്തിനെയും മറി കടന്നാണ് കേരളം ഫൈനലില്‍ എത്തിയത്.

കേരള ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചടുത്തോളം ഈ രഞ്ജിട്രോഫി ആകാംക്ഷയുടെയും പ്രതീക്ഷയുടേതുമായിരുന്നു. മുഹമ്മദ് അസറുദീന്‍ ,സല്‍മാന്‍ നിസാര്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ 600 ലധികം റണ്‍ നേടി ജലജ് സക്സേനയും ആദിത്യ സര്‍വാ തെയും 75 ഓളം വിക്കറ്റുകള്‍ വീതം നേടി. ഇവര്‍ മറുനാടന്‍ കളിക്കാരല്ല മറിച്ച് കേരള സമൂഹത്തിന്റെ തന്നെ ഭാഗങ്ങളാണ്. എം ഡി നിതീഷിന്റെ ബൗളിംഗ് മികവുമടക്കം മികച്ച പ്രകടനം നടത്തിയ മുഴുവന്‍ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പിന്നില്‍ കെ സി എ സമാനതയില്ലാത്ത ഇടപെടല്‍ നടത്തുന്നു. ഗ്രീന്‍ഫീല്‍ഡും തുമ്പയുമടക്കം അത്യാധുനിക സൗകര്യങ്ങളുള്ള പന്ത്രണ്ടോളം സ്റ്റേഡിയങ്ങള്‍ കെ സി എ യുടെ നിയന്ത്രണത്തില്‍ ഇന്ന് സംസ്ഥാനത്തുണ്ട്. സര്‍ക്കാറിന്റെ പിന്‍തുണ കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.

പ്രത്യേക കായികനയം രൂപീകരിച്ച് നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ സഹകരിച്ച് കെ സി എ ക്രിക്കറ്റ് മേഖലയില്‍ മുന്നേറ്റത്തിന് തയാറാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യമുള്ള മനസ്സും ശരീരവും സൃഷ്ടിച്ച് പുതിയ തലമുറയെ ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരത്താന്‍ കഴിയുന്ന കായിക പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രഞ്ജിട്രോഫി റണ്ണേഴ്സ് അപ്പ് ട്രോഫി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കായികമന്ത്രി അബ്ദുറഹിമാന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍, മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, ജി.ആര്‍ അനില്‍, കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍, കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കോച്ച് അമയ് ഖുറേസിയ, കേരള ക്രിക്കറ്റ് ടീം താരങ്ങള്‍,കെ സി എ ഭാരവാഹികള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!