Section

malabari-logo-mobile

സംസ്ഥാനത്തേക്ക് രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി

HIGHLIGHTS : തിരുവനന്തപുരം : രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകു...

തിരുവനന്തപുരം : രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്.

ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂര്‍ 26500, കാസര്‍ഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂര്‍ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകള്‍ക്കായി അനുവദിക്കുന്നത്. ബുധനാഴ്ച എറണകുളത്തും തിരുവന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ വാക്സിനുകള്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8548 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്.

മൂന്നാം ദിവസം തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (759) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂര്‍ 632, കാസര്‍ഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂര്‍ 759, വയനാട് 491 എന്നിങ്ങനെയാണ് മൂന്നാം ദിനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 പേരും ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും തിങ്കളാഴ്ച 7891 പേരുമാണ് വാക്സിനെടുത്തത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ആര്‍ക്കും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.

സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉള്‍പ്പെടെ 3,75,610 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!