തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഖര മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2022 ന് പ്രവര്‍ത്തനം തുടങ്ങിയ സംവിധാനമാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം ആപ്ലിക്കേഷന്‍. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ നിരീക്ഷിച്ച് അവലോകനം നടത്തുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വ മിഷന്‍, കുടുംബശ്രീ, ഐ.കെ.എം എന്നിവരുടെ സഹകരണത്തോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 25 ഗ്രാമപഞ്ചായത്തിലും 9 നഗരസഭകളിലും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ആപ്പിന്റെ പ്രവര്‍ത്തനം പിന്നീട് കേരളം ഒട്ടാകെ വ്യാപിപ്പിക്കുകയുണ്ടായി. ഖരമാലിന്യങ്ങളുടെ വാതില്‍പടി ശേഖരണം, നീക്കം, സംസ്‌കരണം എന്നീ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയമായ നിരീക്ഷണമാണ് ഈ ആപ്പിലൂടെ നടപ്പാക്കുന്നത്. ഹരിത കര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും. ഹരിത കര്‍മ സേന വഴിയുള്ള വാതില്‍പടി ശേഖരണം മുതല്‍ മാലിന്യം മിനി എംസിഎഫ്, എംസിഎഫ്, ആര്‍.ആര്‍.എഫ് എന്നിവയിലേക്കുള്ള നീക്കവും സംസ്‌കരണവും ഒരൊറ്റ പോര്‍ട്ടലിലേക്ക് ഏകോപിപ്പിച്ച് തത്സമയ വിവരശേഖരണം നടത്തും. ഇതിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാനത്തിലെ ഭവന-സ്ഥാപനങ്ങളുടെ എണ്ണവും അറിയാന്‍ സാധിക്കും. വാതില്‍പ്പടി മാലിന്യ ശേഖരണം ആവശ്യമുള്ള ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കാത്ത വീടുകളേയും സ്ഥാപനങ്ങളേയും തിരിച്ചറിയാനും സാധിക്കും.
ഹരിതമിത്രത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുകയും പരാതികള്‍ അറിയിക്കുകയും ചെയ്യാം. യൂസര്‍ ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ആപ്പിലുണ്ട്. എം.സി.എഫ്/മിനി എം.സി.എഫ് തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ്, മാലിന്യം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതല്‍ സംസ്ഥാനതലം വരെയുള്ള മാലിന്യ സംസ്‌കരണ വിവരങ്ങള്‍ തത്സമയം കാണാന്‍ കഴിയുന്ന ഡാഷ്‌ബോര്‍ഡുള്‍പ്പടെയുള്ള സമഗ്രമായ ഒരു വെബ് പോര്‍ട്ടലും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായുണ്ട്. 2024 ഒക്ടോബര്‍ വരെ 92,53,896 ഹരിതമിത്രം ഡൗണ്‍ലോഡ് ചെയ്തു. 81,17,810 ആളുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുണ്ട്.
സിംഗിള്‍ വാട്ട്‌സ്ആപ്പ് നമ്പര്‍
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക, കത്തിക്കുക,വഴിയരികില്‍ കൂട്ടിയിടുക, ജലസ്രോതസുകളിലേക്ക് മലിനജലം ഒഴുക്കിവടുക തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും സിംഗിള്‍ വാട്‌സാപ്പ് നമ്പറിലൂടെ അറയിക്കാം. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ഫോട്ടോ എടുത്ത് 9446700800 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയക്കണം. കുറ്റകൃത്യം നടത്തുന്ന ആളുടെ പേരോ സ്ഥലമോ അറിയുമെങ്കില്‍ അതും മാലിന്യം തള്ളാന്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ എന്നീ വിവരങ്ങളും വാട്‌സാപ്പിലൂടെ കൈമാറാം. നിയമലംഘനത്തിനുമേല്‍ ഈടാക്കുന്ന പിഴയില്‍ നിന്നും പരമാവധി 2500 രൂപ വരെ വിവരം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. സമര്‍പ്പിച്ച പരാതികളുടെ നടപടികളും പുരോഗതിയും പരാതിക്കാരന് ലഭിക്കും. ലഭിക്കുന്ന പരാതികള്‍ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയാല്‍ ഒരാഴ്ചയ്ക്കകം നടപടി എടുത്ത് പരാതി തീര്‍പ്പാക്കും.
നിലവിലെ സ്ഥിതി വിവരകണക്ക്
തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച് അംഗീകരിച്ച പരാതികള്‍ – 857
തീര്‍പ്പാക്കിയവ – 588
പരിഹാരനടപടികള്‍ പുരോഗമിക്കുന്നവ – 269
ഇതുവരെ ഈടാക്കിയ പിഴത്തുക – 4 ലക്ഷം രൂപ
കണ്‍ട്രോള്‍ റൂം
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണവും കൈകാര്യം ചെയ്യുന്നതിന് വേണ്ട നടപടികളുടെ ക്രോഡീകരണവും അവലോകനവും സംബന്ധിച്ച നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സംസ്ഥാന തലത്തില്‍ ഒരു കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ട്രോള്‍ റൂമില്‍ ശുചിത്വ മിഷന്‍, പ്രിന്‍സിപ്പള്‍ ഡയറക്ടറേറ്റ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രവര്‍ത്തിക്കുന്നത്. ഹരിതമിത്രം ആപ്ലിക്കേഷന്റെയും സിംഗിള്‍ വാട്ട്‌സ്ആപ്പ് നമ്പറിന്റെയും മോണിറ്ററിംഗും കൈകാര്യം ചെയ്യുന്ന കേന്ദ്രീകൃത സംവിധാനമായിട്ടാണ് കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
കണ്ട്രോള്‍ റൂമിലേക്ക് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കോ പൊതു ജനങ്ങള്‍ക്കോ മാലിന്യ സംബന്ധിയായ സഹായങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെടുവാന്‍ 8590205567 എന്ന ഫോണ്‍ നമ്പര്‍ നിലവിലുണ്ട്. ഗ്രാമ നഗര ഭേദമന്യേ ആര്‍ക്കും കണ്ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 മണി വരെ മാലിന്യം പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം നല്കുകയോ പരാതി ബോധിപ്പിക്കുകയോ ചെയ്യാം.



