പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണം: മുഖ്യമന്ത്രി

Kerala should be made carbon neutral through greenery: CM

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായി
പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചത്തുരുത്തുകള്‍ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവില്‍ 454 ഏക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്.

പച്ചത്തുരുത്തുകള്‍ കേരളത്തില്‍ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും ഈ മാതൃകയില്‍ കൂടുതല്‍ പച്ചത്തുരുത്തകള്‍ സൃഷ്ടിക്കാനാവണം. തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചാല്‍ അത് സാധ്യമാകും. ഇനിയും ഒരു ആയിരം പച്ചത്തുരുത്തുകള്‍ സ്ഥാപിക്കണം. ഇതിനായി പൊതുസ്ഥലങ്ങളില്ലെങ്കില്‍ താത്പര്യമുള്ള വ്യക്തികളുടെ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കണം.

പച്ചത്തുരുത്ത് പദ്ധതിയിലൂടെ പ്രകൃതിയെ പരിപാലിച്ചു വളര്‍ത്തണമെന്ന ബോധം സൃഷ്ടിക്കാനായി. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തന്‍കോട് വേങ്ങോടില്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സഹായത്തോടെ അപൂര്‍വ ഔഷധസസ്യങ്ങള്‍ അടങ്ങിയ പച്ചത്തുരുത്താണ് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മുളകള്‍ മാത്രമുള്ളതും കായല്‍, കടലോരങ്ങളില്‍ കണ്ടല്‍ചെടിയും അനുബന്ധ വൃക്ഷങ്ങളും അടങ്ങിയ പച്ചത്തുരുത്തും സൃഷ്ടിച്ചു. കാവുകളെ വിപുലീകരിച്ച് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആവാസവ്യവസ്ഥയില്‍ കണ്ടാലറിയാവുന്ന മാറ്റം സൃഷ്ടിക്കാനായി. കുമരകത്തെ കണ്ടല്‍ചെടികളുടെ പച്ചത്തുരുത്ത് മത്സ്യസമ്പത്തിന് ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടതിനു ശേഷം മൂന്നു വര്‍ഷം അതിന്റെ പരിപാലനവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
1261 ാ മതായി പൂര്‍ത്തിയാക്കിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ സി. ദിവാകരന്‍ എം.എല്‍.എ വൃക്ഷത്തൈ നട്ടു.
ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •