Section

malabari-logo-mobile

സുരക്ഷയുടെ കൂടൊരുക്കി സര്‍ക്കാര്‍; അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകള്‍

HIGHLIGHTS : Government provides security; Tens of thousands of women sought refuge

തിരുവനന്തപുരം:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സര്‍ക്കാര്‍ ആരംഭിച്ച എന്റെ കൂടില്‍ അഭയം തേടിയത് പതിനായിരത്തിലധികം പേര്‍. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേര്‍ക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകള്‍ക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ സൗജന്യ താമസം ഒരുക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും എന്റെ കൂട് വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് വനിതാ ശിശുവികസന വകുപ്പ്.
മുന്‍കാലങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ രാത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് റയില്‍വെസ്റ്റേഷനിലെ വെയിറ്റിംഗ് റൂമുകളിലോ, പ്ലാറ്റ്‌ഫോമിലോ ഇരുന്നു നേരം വെളുപ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇത്തരം സാഹചര്യങ്ങളില്‍ എന്റെ കൂട് അവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അതും പോലീസ് സുരക്ഷയോടെ നിര്‍ഭയം വസിക്കാവുന്ന തരത്തില്‍. വിദ്യര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കും എന്റെ കൂട് പദ്ധതി അനുഗ്രഹമായിട്ടുണ്ട്.

2016ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനു സമീപവും, 2018ല്‍ തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലുമാണ് എന്റെ കൂട് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുകള്‍, ഒരു ക്ളീനിംഗ് സ്റ്റാഫ് എന്നിവരും എന്റെ കൂടില്‍ ജോലി ചെയ്യുന്നു.

sameeksha-malabarinews

സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് സൗജന്യ താമസം നല്‍കുന്നത്. പ്രവേശന സമയത്ത് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ ഹാജരാക്കണം. പ്രവേശന സമയം വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെയാണ്. രാത്രി ഒന്‍പത് മണിക്ക്ശേഷം പ്രവേശനം അനുവദിക്കുന്നതിന് ആ സമയത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. വെളുപ്പിന് 3 മണി വരെ എത്തുന്നവര്‍ക്ക് സ്ഥല ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും. ഒരു മാസത്തില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ദിവസത്തേക്കാണ് താമസം അനുവദിക്കുക. ഇത്തരത്തില്‍ തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാം. അടിയന്തിരസാഹചര്യങ്ങളില്‍ മൂന്ന് ദിവസത്തിലധികം താമസിക്കേണ്ടി വന്നാല്‍ ഓരോ അധിക ദിവസത്തിനും 150 രൂപ നല്‍കണം. രാത്രി എട്ടു മണിവരെ പ്രവേശനം നേടുന്ന താമസക്കാര്‍ക്ക് സൗജന്യ രാത്രി ഭക്ഷണം ലഭിക്കും. പകല്‍ സമയം താമസം അനുവദിക്കില്ല.

ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ directorate.wcd@kerala.gov.in എന്ന മേല്‍വിലാസത്തിലോ 0471-2346508 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!