Section

malabari-logo-mobile

റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍:  ഭക്ഷ്യമന്ത്രി

HIGHLIGHTS : റേഷന്‍ കടകളില്‍ മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്നും ഏതെങ്കിലും റേഷന്‍കടയില്‍ മോശം ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതായി പരാ...

റേഷന്‍ കടകളില്‍ മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്നും ഏതെങ്കിലും റേഷന്‍കടയില്‍ മോശം ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി  പി. തിലോത്തമന്‍ പറഞ്ഞു. ഇ- പോസ് സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെയും ഇമ്മീഡിയറ്റ് ടാസ്‌ക് ഫോഴ്‌സിനെയും  നിയോഗിക്കും. സെര്‍വറിന്റെ തകരാര്‍ പരിഹരിക്കുന്നതിന് വാടക സെര്‍വറിനു പകരം സ്വന്തമായ സെര്‍വറിന്റെ സേവനം ഉപയോഗപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ പരാതി നല്‍കുന്നതിനും സത്വര പരിഹാരം കാണുന്നതിനുമായി ലീഗല്‍ മെട്രോളജി വകുപ്പ് ആരംഭിച്ച കോള്‍ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന ഐടി മിഷന്റെ കോള്‍സെന്ററാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളെ പ്രത്യേക സോഫ്‌റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതികളിലെ വിവരങ്ങള്‍ കോള്‍സെന്റര്‍ എക്‌സിക്യുട്ടിവ് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുകയും പരാതിക്കാധാരമായ വ്യാപാര സ്ഥാപനം  സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തിലേക്ക് പരാതി സോഫ്‌റ്റ്വെയറിലൂടെ തന്നെ കൈമാറുകയും ചെയ്യും. അപ്പോള്‍ത്തന്നെ പരാതിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെയും മൊബൈലിലേക്ക് പരാതി രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശവും രജിസ്റ്റര്‍ നമ്പരും ലഭിക്കും. പരാതികള്‍ നല്‍കുന്നതിനു പുറമേ വകുപ്പ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും കോള്‍സെന്റര്‍ സേവനം പ്രയോജനപ്പെടുത്താം.
കോള്‍സെന്റര്‍ നമ്പറുകള്‍: ലാന്‍ഡ്‌ലൈന്‍: 155300, 2115054, 2115098, 2335523 (ലാന്‍ഡ് ലൈനിലേക്ക് മൊബൈല്‍ ഫോണില്‍ വിളിക്കുമ്പോള്‍ 0471 എന്ന കോഡ് ചേര്‍ത്ത് വിളിക്കണം.) മൊബൈല്‍: 9400198198. വാര്‍ത്താ സമ്മേളനത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ പി. സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!