
ന്യൂഡല്‍ഹി: വ്യവസായ സംരംഭകര്‍ക്ക് സൗഹാര്‍ദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം രാജ്യത്ത് ഒന്നാമത്. ചരിത്രത്തില്‍ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്. കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ 2020 ല്‍ കേരളം 28–ാം സ്ഥാനത്തായിരുന്നു. 2021 ല്‍ 13 പടികള്‍ കയറി കേരളം 15–ാമത് എത്തി. 2022–23 വര്‍ഷത്തെ പട്ടികയിലാണ് ഒറ്റയടിക്ക് 14 പടികള്‍ കയറി കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ആന്ധ്രയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാമത് ഗുജറാത്തും.
‘വ്യവസായ സമാഗമം’ എന്ന പേരില്‍ വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് കേരളത്തിന്റെ നേട്ടം പ്രഖ്യാപിച്ചത്. കേരളത്തിനുള്ള പുരസ്‌ക്കാരം വ്യവസായ മന്ത്രി പി രാജീവ് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് ഏറ്റുവാങ്ങി. നൂതനമായ പരിഷ്‌ക്കാരങ്ങളിലൂടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രക്രിയകള്‍ ഏകോപിപ്പിച്ചും വ്യവസായികള്‍ക്കും പൗരന്‍മാര്‍ക്കും കാര്യക്ഷമമായ സേവനങ്ങള്‍ ഒരുക്കിയും കേരളം, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് മന്ത്രി പീയുഷ് ഗോയല്‍ യോഗത്തില്‍ പറഞ്ഞു.
വ്യവസായ പരിഷ്‌ക്കാര കര്‍മപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികള്‍ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളില്‍ ഒമ്പതിലും കേരളത്തിന് ഒന്നാമത് എത്താനായി. ആന്ധ്ര അഞ്ചും ഗുജറാത്ത് മൂന്നും മേഖലകളിലാണ് ഒന്നാമതെത്തിയത്. വ്യവസായ കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങള്‍, മുതിര്‍ന്ന പൗരന്‍മാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌ക്കാരങ്ങള്‍, ഓണ്‍ലൈന്‍ ഏകജാലക സംവിധാനം, നികുതി അടയ്ക്കല്‍ സംവിധാനങ്ങള്‍, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, പൊതുവിതരണ സംവിധാനം, ഗതാഗതം തുടങ്ങിയ ഒമ്പത് മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




