തിരു : കേരളത്തില്‍ കാലവര്‍ഷം കനത്തു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലും, ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ശക്തമായി ഇടിയോടും കാറ്റോടും കൂടിയുള്ള മഴയാകും ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ലഭിക്കുക. മധ്യകേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാള്‍ രാവിലെ വരെ സംസ്ഥാനത്തും ലക്ഷദ്വീപിലും 7 സെമി വരെ ശക്തമായ മഴ ലഭിക്കും.
കഴിഞ്ഞ വര്‍ഷം 2300 മില്ലി മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ 2,040 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പൊതുവെ മണ്‍സൂണ്‍മഴ കുറവാണെങ്കിലും കേരളത്തില്‍ മഴക്ക് കാര്യമായി കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.



