വയനാട്ടില്‍ മോഷണം നടത്തിയവരെ അസമില്‍ ചെന്ന് പൊക്കി കേരള പൊലീസ്; പരിശോധിച്ചത് 6 ലക്ഷം ഫോണ്‍കോളുകളും 40 സിസിടിവി ദൃശ്യങ്ങളും

സുല്‍ത്താന്‍ബത്തേരി: നിരവധി മോഷണങ്ങള്‍ നടത്തി നാടിനെ വിറപ്പിച്ച ഇതര സംസ്ഥാനക്കാരെ അവരുടെ ഗ്രാമത്തിലെത്തി അതിസാഹസികമായി പൊക്കി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം. അസം സ്വദേശികളായ ബജ്ഭറ സ്വദേശി മൊഹിജുല്‍ ഇസ്ലാം (22), ടെന്‍സിപുര്‍ സ്വദേശികളായ ഇനാമുല്‍ ഹഖ് (25), നൂര്‍ജമാല്‍ അലി (23), സോനിറ്റ്പുര്‍ ഗുരമര്‍ഹ് സ്വദേശി ദുലാല്‍അലി (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുല്‍പ്പള്ളി, നൂല്‍പ്പുഴ പോലീസ് സ്റ്റേഷന്‍ പരിധികളിലെ
മോഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായത്. ചൊവ്വാഴ്ച ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.

മോഷണത്തിനുശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ കാലാവസ്ഥയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും ജീവന്‍ അപകടത്തിലാകുമെന്നറിഞ്ഞിട്ടും അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളിലെത്തി ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പെ മോഷണം നടത്തി രക്ഷപ്പെട്ട പ്രതികളെ കുറിച്ച് ഒരു വിധത്തിലുള്ള സൂചനകളും ആദ്യഘട്ടത്തില്‍ പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് ബത്തേരി, പുല്‍പ്പള്ളി പ്രദേശങ്ങളിലെ 40-ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ പ്രതികളുടേതെന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തി.
ആറരലക്ഷത്തോളം ഫോണ്‍ കോളുകളാണ് അന്വേഷണസംഘം പഠിച്ചത്. ഇതില്‍നിന്നാണ് മോഷണം നടത്തിയത് അതിഥി തൊഴിലാളികളായിരിക്കാമെന്ന നിഗമനത്തിലേക്ക് എത്താനായത്.

ഏപ്രില്‍ ഒമ്പത്, 11 തീയതികളിലാണ് പ്രതികള്‍ പുല്‍പ്പള്ളി, നൂല്‍പ്പുഴ സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയത്. ഏപ്രില്‍ നാലിനും പത്തിനുമിടയ്ക്കുള്ള ദിവസങ്ങളിലാണ് നൂല്‍പ്പുഴയിലെ മാടക്കരയിലും പൂളക്കുണ്ടിലും മോഷണം നടന്നിരുന്നു. ഇവിടങ്ങളില്‍നിന്ന് 50 പവനോളം സ്വര്‍ണവും ഒരുലക്ഷം രൂപയോളവുമാണ് ഇവര്‍ അപഹരിച്ചത്. ബസുകളില്‍ യാത്രചെയ്ത് ആള്‍ത്തിരക്കില്ലാത്ത സ്ഥലങ്ങളിലിറങ്ങി, കറങ്ങിനടന്ന് ഗെയിറ്റ് പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തിയാണ് സംഘം മോഷണം നടത്തുന്നത്.

ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫ്, എസ്.ഐ. എന്‍.വി. ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫിനു, ദേവജിത്ത്, അനസ്, നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്മിജു, ആഷ്‌ലിന്‍ തോമസ്, ഉനൈസ്, ബിജിത്ത് ലാല്‍, പ്രജീഷ്, ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.

 

Share news
error: Content is protected !!
Scroll to Top