കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂണ്‍ 1 മുതല്‍

തിരുവനന്തപുരം: നിലവില്‍ ലോക്ഡൗണ്‍ 17 വരെയാണുള്ളത്. അതിനുശേഷം ഭാഗ്യക്കുറി വില്‍പ്പന അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. കേരളത്തിലെ അന്നത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അവസാന തീരുമാനമെടുക്കും. ഇപ്പോള്‍ മെയ് 18 മുതല്‍ വില്‍പ്പന പുനരാരംഭിക്കുന്നതിനും ജൂണ്‍ 1 മുതല്‍ നറുക്കെടുപ്പ് തുടങ്ങുന്നതിനുമാണ് ഭാഗ്യക്കുറി വകുപ്പ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും ധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മാര്‍ച്ച് മാസം 23 മുതല്‍ ഭാഗ്യക്കുറി മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എട്ട് നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്. ജൂണ്‍ മാസത്തില്‍ നടക്കേണ്ടവയടക്കം 95 നറുക്കെടുപ്പുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
പതിനായിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളാണ് ഭാഗ്യക്കുറി മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്ക് അടിയന്തിര ആശ്വാസമെന്ന നിലയില്‍ 1000 രൂപ ഇതിനോടകം നല്‍കിയിരുന്നു. മറ്റു പൊതുസഹായങ്ങളും ഇവര്‍ക്ക് ലഭ്യമായിട്ടുണ്ട്. 1000 രൂപകൂടി ഒരാഴ്ചയ്ക്കകം തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും.

കേരളത്തിലെ ചെറുകിട സംരംഭങ്ങളെല്ലാം നേരിടുന്ന പ്രതിസന്ധി ഭാഗ്യക്കുറി വില്‍പ്പനക്കാരും നേരിടുന്നുണ്ട്. രണ്ട് പ്രശ്‌നങ്ങളാണുള്ളത്. ഒന്ന്, പുതിയ ടിക്കറ്റ് വാങ്ങാനുള്ള പണമില്ല. രണ്ട്, ലോക്ഡൗണ്‍ കാലത്ത് പല ടിക്കറ്റും വില്‍ക്കാന്‍ കഴിയാത്ത നിലയില്‍ മോശമായിട്ടുണ്ട്. ഇവയ്ക്ക് രണ്ടിനും പരിഹാരമുണ്ടാക്കുന്നതാണ്.
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ രൊക്കം പണം നല്‍കിയാണ് ടിക്കറ്റുകള്‍ വാങ്ങുന്നത്.
വരുമാനമില്ലാത്ത ഈ ഘട്ടത്തില്‍ ഇങ്ങനെ ടിക്കറ്റുകള്‍ വാങ്ങാന്‍ വില്‍പ്പനക്കാര്‍ക്ക് പ്രയാസം നേരിടുന്നുണ്ട്. ക്ഷേമിനിധി അംഗങ്ങളായിട്ടുള്ള ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് പരമാവധി 100 ടിക്കറ്റുകള്‍ വരെ കടമായി നല്‍കും. ഓണത്തിനു മുമ്പ് ടിക്കറ്റിന്റെ പണം ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി. തിരിച്ചടവ് മുടങ്ങിയാല്‍ ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന ഓണം ബോണസില്‍ നിന്നും തുക കുറവു ചെയ്യും.

മോശമായ ടിക്കറ്റുകള്‍ ഭാഗ്യക്കുറി ഓഫീസില്‍ എത്തിച്ചാല്‍ അവ മാറി അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റുകള്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കും.
നറുക്കെടുപ്പ് മാറ്റിവച്ച എട്ട് ടിക്കറ്റുകളുടെ നറുക്കെടുപ്പ് ജൂണ്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ രണ്ട് നറുക്കെടുപ്പുകളെന്ന ക്രമത്തില്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാകും നറുക്കെടുപ്പ് നടക്കുക. സാഹചര്യങ്ങള്‍ മെച്ചപ്പെടുകയാണെങ്കില്‍ ടിക്കറ്റുകളുടെ വില്‍പ്പന മെയ് 18 മുതല്‍ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്.
പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം വില്‍പ്പന. വില്‍പ്പനക്കാര്‍ക്കുള്ള ഓരോ മാസ്‌കും ഒരു കുപ്പി സാനിട്ടൈസറും ക്ഷേമനിധി ബോര്‍ഡ് മുഖാന്തിരം സൗജന്യമായി നല്‍കും.

ആഴ്ചയില്‍ രണ്ടു വീതമെന്ന് ക്രമീകരിക്കുന്നതുകൊണ്ട് വില്‍പ്പനക്കാര്‍ക്ക് ഓരോ നറുക്കെടുപ്പിന്റെയും ടിക്കറ്റുകള്‍ വില്‍ക്കുന്നതിന് നാലു ദിവസം വരെ സാവകാശം ലഭിക്കും.

നിലവിലുള്ള ഡിസ്‌ക്കൗണ്ട് സ്ലാബ് അനുസരിച്ച് 10,000 ടിക്കറ്റിനു മുകളില്‍ എടുക്കുന്നവര്‍ക്കാണ് ഉയര്‍ന്ന ഡിസ്‌ക്കൗണ്ട് നിരക്കായ 25 ശതമാനം നല്‍കുന്നത്. ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് ഈ മേഖലയിലുള്ള ഒരു പ്രധാന ആവശ്യമാണ്. 8400 നു മുകളില്‍ ടിക്കറ്റുകള്‍ എടുക്കുന്ന ഏജന്റുമാര്‍ക്ക് ഉയര്‍ന്ന ഡിസ്‌ക്കൗണ്ട് നിരക്കുള്‍ നല്‍കുന്നതാണ്.
ഭാഗ്യക്കുറി വില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ആരോഗ്യമേഖലയ്ക്ക് വേണ്ടിയാണ് ചെലവിടുന്നത്. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിക്കുവാന്‍ തീരുമാനിക്കുന്നത്.

Share news
error: Content is protected !!
Scroll to Top