ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട് : ഇത്തവണ രാകേശ് ശര്‍മ്മയും

എന്‍. കെ. സലീം
ഈ വർഷത്തെ KLF ൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത് രാകേശ് ശർമ്മയുടെ വരവാണ്.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി… ആദരവോടെ അഭിമാനത്തോടെ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തെ….. സമകാലിക കേരളീയ സാഹചര്യത്തിൽ രാകേശ് ശർമ്മയുടെ സാന്നിധ്യവും ഏറെ പ്രസക്തമാണ്….ഗ്രഹാന്തര യാത്രകളിലേക്ക്, അന്വേഷണങ്ങളിലേക്ക് ലോകം സഞ്ചരിച്ച് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. തൊട്ടടുത്ത നിമിഷങ്ങളിൽ ഭൂമിക്ക് പ്രതീക്ഷ പകരുന്ന സന്ദേശങ്ങൾ അന്യ ഗ്രഹങ്ങളിൽ നിന്ന് വരുമെന്ന പ്രതീക്ഷയിലാണ് ലോകം. ജീവന്റെ സാന്നിധ്യമുള്ള ഗ്രഹങ്ങൾ…. നമ്മളെക്കാളും ബുദ്ധിശക്തിയുള്ള ജീവ സമൂഹങ്ങൾ… ഉണ്ടാകും… ഉണ്ടാകും എന്ന് തന്നെയാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ…
ബഹിരാകാശത്ത് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ ചരിത്രം രചിച്ചത് 1984 ഏപ്രിൽ രണ്ടിനാണ്… അത് രാകേശ് ശർമയാണ്… ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തിയ മനുഷ്യൻ… അദ്ദേഹമാണ് ഈ 13 ന് കോഴിക്കോട് എത്തുന്നത്. അതും വിസ്മയിപ്പിക്കുന്ന ചിന്തകൾക്ക് ഊർജ്ജം പകരുന്ന KLF ൽ ആണെന്നുള്ള സന്തോഷം. ഒരു പക്ഷെ ഇത്തവണത്തെ KLF ശ്രദ്ധ നേടുന്നതും രാകേശ് ശർമയുടെ സാന്നിധ്യമായിരിക്കും.

‘‘വ്യോമസേനയിൽ യുദ്ധവിമാന പൈലറ്റായി എന്നെ വിടാൻ അമ്മയ്‌ക്കു താൽപര്യമില്ലായിരുന്നു. പക്ഷെ, ഞാൻ അമ്മയെ വിശ്വസിപ്പിച്ചു. റോഡിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടാവുന്നില്ലേ? എന്തിന്, കുളിമുറിയിൽപോലും വീണ് അപകടമുണ്ടാവാറില്ലേ? ബഹിരാകാശ യാത്രയിലും അത്രയേയുള്ളൂ അപകടസാധ്യത’’ എന്തു ധൈര്യത്തിലാണു ബഹിരാകാശ യാത്രയ്‌ക്കു തുനിഞ്ഞിറങ്ങിയതെന്ന ചോദ്യത്തിനു രാകേഷ് ശർമയുടെ മറുപടി ഇതായിരുന്നു.വ്യോമസേനയിലെ 50 പേരിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയിൽ തന്നെ കുറെപ്പേർ ഒഴിവായി. ഒന്നരവർഷ പരിശീലനത്തിനായി രാകേഷ് ശര്‍മയെയും വീഷ് മൽഹോത്രയും തെരഞ്ഞെടുത്തു.എന്തെങ്കിലും കാരണം കൊണ്ട് രാകേഷ് ശര്‍മക്കു കഴിയാതിരുന്നാല്‍ അതിനുപകരമായിട്ടായിരുന്നു  അദേഹത്തിനെ ഒരുക്കിയിരുന്നത്.

പഞ്ചാബിലെ പട്യാലയില്‍ ദേവേന്ദ്ര നാഥിന്റെയും തൃപ്തയുടെയും മകനായി 1949 ജനുവരി 13 നാണ് രാകേശ് ശർമ ജനിച്ചത്. സെന്റ് ജോർജസ് ഗ്രാമർ സ്കൂൾ, ഹൈദരാബാദില്‍ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, നൈസാം കലാലയത്തിൽ നിന്ന് ബിരുദംനേടി,പതിനെട്ടാം വയസ്സില്‍ പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പഠനത്തിന് ശേഷം 1970ല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇന്ത്യൻ എയർഫോഴ്‌സിൽ സ്‌ക്വാഡ്രൻ ലീഡറും പൈലറ്റുമായാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്.വ്യോമസേനയില്‍ രാകേഷ് ശര്‍മ തന്റെ മികവ് തെളിയിച്ചു. ഇന്ത്യയും സോവിയറ്റ് യൂണിയനും സംയുക്തമായി ആവിഷ്‌കരിച്ച ബഹിരാകാശ പദ്ധതി രാകേഷ് ശര്‍മയ്ക്ക് വഴിത്തിരിവായി. ഐസ്ആര്‍ഒയും സോവിയറ്റ് യൂണിയന്റെ ഇന്റര്‍കോസ്‌മോസും ചേര്‍ന്ന പദ്ധതിയുടെ ഭാഗമായി 1982 സെപ്റ്റംബര്‍ 20ന് രാകേഷ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടു.1984ല്‍ വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്.

1984 ഏപ്രില്‍ 2ന് സോവിയറ്റ് നിര്‍മ്മിത സോയൂസ് ടി11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തില്‍ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.രാഷ്ട്രം അശോക ചക്രം നൽകി ആദരിച്ച മനുഷ്യനാണ് ജനുവരി 13ന് കോഴിക്കോട് എത്തുന്നത്. ബഹിരാകാശ ശാസ്ത്രവും പ്രപഞ്ചത്തിന്റെ ഭൗതിക ശാസ്ത്രവും എന്ന വിഷയത്തിൽ  ജി.മാധവൻ നായർ അദ്ദേഹവുമായി സംവദിക്കും.ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാവുമ്പോൾ  അത് ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളാവും എന്നത് തീർച്ചയാണ്..

Related Articles