ക്രിസ്ത്യൻ നാടാർ സംവരണത്തിന് സ്റ്റേ; ഒബിസി പട്ടിക വിപുലീകരിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒബിസി പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലാത്തതിനാല്‍ ഈ തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാര അവകാശമുള്ളതെന്നും ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു.

ഒബിസി പട്ടിക വിപുലീകരിക്കുന്നതില്‍ രാഷ്ട്രപതിയുടേതല്ലാത്ത എല്ലാ നടപടികളും ഭരണഘടന വിരുദ്ധമാണ്. മറാത്ത കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്നും കോടതി പറഞ്ഞു. വരും ദിവസങ്ങളില്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സര്‍ക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതിയുടെ സ്റ്റേ ഉണ്ടായത്. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സര്‍ക്കാരിന്റെ നീക്കമെന്ന ആരോപണം ശക്തമായിരുന്നു. വിവാദങ്ങള്‍ തുടരുമ്പോഴും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി എല്‍ഡിഎഫിന് നേട്ടമായെന്നാണ് വിലയിരുത്തല്‍.

 

Share news
error: Content is protected !!
Scroll to Top