തിരുവനന്തപുരം: കോവിഡ് കൂട്ട പരിശോധന വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. കെജിഎംഒഎയ്ക്ക് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നില്‍ക്കാനാകില്ലെന്നും മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.
നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി വരും ദിവസങ്ങളിലെ സ്ഥിതി നോക്കിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വ്യക്തമാക്കി. പരിശോധനാ ഫലം നല്‍കാന്‍ വൈകുന്നതിനാല്‍ കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന് കെജിഎംഒഎ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായണ് കെജിഎംഒഎ.




