കേരള കള്‍ച്ചറല്‍ ഫോറം സത്യന്‍ ചലച്ചിത്രപുരസ്‌കാരം ഉര്‍വശിക്ക്

HIGHLIGHTS : Kerala Cultural Forum Sathyan Film Award for Urvashi

തിരുവനന്തപുരം: കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ‘സത്യന്‍ ചലച്ചിത്ര പുരസ്‌കാരം’ നടി ഉര്‍വശിക്ക്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള ഉര്‍വശി മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരന്‍ എന്നിവരടങ്ങിയ ജൂറിയാണ് ഉര്‍വശിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

50,000 രൂപയും പ്രത്യേകം രൂപകല്‍പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്‌കാരം അനശ്വര നടന്‍ സത്യന്റെ ജന്മവാര്‍ഷിക ദിനമായ നവംബര്‍ 9ന് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് കേരളം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജോണ്‍ മനോഹറും ജനറല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസും അറിയിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത്, കെ. പി. എ.സി. ലളിത, സുകുമാരി, കാവ്യ മാധവന്‍, അപര്‍ണ ബാലമുരളി, തുടങ്ങിയവര്‍ നേരത്തെ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തിലെ പ്രമുഖ നടിയാണ് ഉര്‍വശി. 1970-കളുടെ അവസാനം ബാലതാരമായി അഭിനയജീവിതം ആരംഭിച്ച അവര്‍ 1983-ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മുന്താണെ മുടിച്ചു’ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത ഉര്‍വശി, സ്വാഭാവികമായ അഭിനയശൈലിയും ഹാസ്യനൈപുണ്യവും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയിട്ടുണ്ട്. നാല് പതിറ്റാണ്ടിലെ അഭിനയ ജീവിതത്തിനിടയില്‍ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ ‘അച്ചുവിന്റേ അമ്മ’ എന്ന ചിത്രത്തിലെ അഭിനയത്തിനും, 2024-ല്‍ പുറത്തിറങ്ങിയ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1989, 1990, 1991, 1992 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!