
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള ധനസമാഹാരം പൂര്‍ത്തീകരിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് റഹീമിന്റെ മാതാവ്. നാട്ടിലുള്ളവരും പുറം നാട്ടിലുള്ളവരും അള്ളാന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചതുകൊണ്ടാണ് പൈസ ഇത്രയും ലഭിച്ചതെന്ന് റഹീമിന്റെ ഉമ്മ പറഞ്ഞു. എന്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാന്‍ പടച്ചോന്‍ വിധി തരട്ടേയെന്നും മാതാവ് പറഞ്ഞു.
‘എത്ര നാളായി ഞാനും എന്റെ കുട്ടിയും വേറിട്ട് നില്‍ക്കുന്നു. പടച്ചോന്റെ കനിവോടെ എന്റെ കുട്ടിയെ ഞാന്‍ കാണട്ടെ. കാണാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്. അള്ളാഹു ആയുസ് നീട്ടി അവിടെയിട്ടു. നാട്ടിലെ ആളുകളെല്ലാം പിരിവുകള്‍ നടത്തുന്നതുകൊണ്ടാണ് എന്റെ കുട്ടിയ്ക്ക് വരാന്‍ കഴിയുക , അതിന് അള്ളാഹു എത്തിച്ച് കൊടുക്കട്ടെ. റഹീമിനെ കാണാനും, ഒരുമിച്ച് ജീവിക്കാനും പടച്ചോന്‍ വിധി തരട്ടെ. നാട്ടിലുള്ളവരും പുറം നാട്ടിലുള്ളവരും അള്ളാഹുവിന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചതുകൊണ്ടാണ് പൈസ ഇത്രയും ലഭിച്ചത്. 34 കോടി രൂപയാണ് അവര്‍ ചോദിച്ചത്. ഞാന്‍ എന്ത് ചെയ്യുമെന്ന് വിചാരിച്ചു. പൈസ കൊടുക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചു. എന്റെ മകന് നാട്ടില്‍ എത്താന്‍ കഴിയില്ലെന്നാണ് വിചാരിച്ചത്. ഇവിടെയും വരെ എത്തിയില്ലെ. ഇനിയുള്ള പൈസ കൂടി കിട്ടിയാല്‍ അള്ളാഹു എന്റെ കുട്ടിയെ ഇവിടെ എത്തിച്ച് തരും. മകനെ കാണാന്‍ വിധി തരട്ടെ. ഇത്രയും പൈസ നാടുകൊണ്ട് കിട്ടിയില്ലേ. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ലഭിച്ചില്ലെ.
റമദാന്‍ രണ്ടിന് റഹീം വിളിച്ചിരുന്നു. പൈസ ഒക്കെ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ചിരുന്നു. ഒന്നും പറയാന്‍ ഒക്കുന്നില്ലായിരുന്നു കയ്യും കാലുമെല്ലാം വിറച്ചുപോയിരുന്നു. ഒന്ന് കാണാനുള്ള വിധിയുണ്ടാകട്ടെ. എനിക്ക് ബുദ്ധിമുട്ടില്ല ഉമ്മച്ചിയെ എന്നാണ് അവന്‍ പറയല്‍. ആ നേരം ഭക്ഷണം കഴിക്കുന്നുണ്ടോ, കുടിക്കുന്നുണ്ടോ എന്ന് ചോദിക്കാന്‍ എന്നെ കൊണ്ടാവുന്നില്ലായിരുന്നു’, മാതാവ് പറഞ്ഞു.
സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് കഴിഞ്ഞ 18 വര്‍ഷമായി കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദു റഹീം സൗദിയിലെ ജയിലില്‍ കഴിയുന്നത്. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്‍ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് കള്ളക്കഥയുണ്ടാക്കി.
റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




