Section

malabari-logo-mobile

അതിഥികളെ ചേര്‍ത്തണച്ച് കേരളം

HIGHLIGHTS : Kerala by adding guests

അതിഥിതൊഴിലാളികളെ ആദരവോടെ സ്വീകരിക്കുന്ന മണ്ണായി മലയാളക്കരമാറി. വിവിധ മേഖലകളില്‍ തൊഴിലെടുക്കാന്‍ എത്തുന്ന അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രഥമ പരിഗണന നല്‍കി അവരേയും ഒപ്പം ചേര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

അതിഥി തൊഴിലാളികളുടെ വിവരശേഖരണം, രജിസ്‌ട്രേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവ ലക്ഷ്യമാക്കി 2017 നവംബറില്‍ തൊഴില്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ആവാസ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്.

sameeksha-malabarinews

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 18-നും 60 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ചിസ് പ്ലസ് പദ്ധതിയില്‍ അംഗമായിട്ടുള്ള കേരളത്തിലെ ആശുപത്രികളില്‍ നിന്നും 25,000/ രൂപ വരെയുള്ള ചികിത്സാ സഹായവും രണ്ട് ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സും ഒരു ലക്ഷം രൂപ ഡിസെബിലിറ്റി ഇന്‍ഷുറന്‍സും ലഭിക്കുന്നതിന് പുറമെ പ്രസവ സംബന്ധമായ ചികിത്സയ്ക്കും പദ്ധതി അംഗങ്ങള്‍ അര്‍ഹരാണ്. ഏകീകൃത തിരിച്ചറിയല്‍ നമ്പറും ക്യുആര്‍ കോഡുമുള്ള ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുവര്‍ക്ക് ലഭിക്കുന്നത്.

2017 നവംബര്‍ ഒന്ന് മുതല്‍ ആവാസ് കാര്‍ഡ് വിതരണം ആരംഭിച്ചു. 2022 വരെ 516320 കാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 7141 പേര്‍ ആവാസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. വിവിധ പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യമുള്ള ഫെസിലിറ്റേറ്റര്‍മാരുടെ സേവനം ഈ സെന്ററുകളില്‍ ലഭ്യമാണ്. ജോലി, ബാങ്കിംഗ്, ആരോഗ്യം, അപകട ധനസഹായം തുടങ്ങി വിവിധ വിഷയങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലഭിക്കും.

അതിഥി തൊഴിലാളികളുടെ താമസത്തിനായി ഒട്ടേറെ സംവിധാനങ്ങളും വകുപ്പ് ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷിത പാര്‍പ്പിട സൗകര്യം അന്വേഷിക്കുന്ന അതിഥി തൊഴിലാളികള്‍ക്കും വീട് വാടകയ്ക്ക് നല്‍കുന്നവര്‍ക്കും ആശ്രയിക്കാവുന്ന തരത്തില്‍ ആലയ സോഫ്റ്റ് വെയര്‍
വികസിപ്പിച്ചെടുത്തു. കോഴിക്കോട് കിനാലൂരിലെ കെഎസ്‌ഐഡിസിയുടെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനുള്ളിലും കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലും പുതിയ അപ്നാഘര്‍ പദ്ധതിക്ക് തുടക്കമായി. കിനാലൂരില്‍ 520 അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള പുതിയ കെട്ടിടസമുച്ചയമാണ് ഉയരുന്നത്. ഇതില്‍ 180 കിടക്കകളുള്ള ആദ്യഘട്ടം പൂര്‍ത്തിയായി. കളമശ്ശേരിയില്‍ 49,000 ചതുരശ്ര അടിയില്‍ 534 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ കെട്ടിടമാണ് നിര്‍മ്മിക്കുക. പാലക്കാട് കഞ്ചിക്കോട് സംസ്ഥാനത്തെ ആദ്യത്തെ അപ്നാഘര്‍ പ്രവര്‍ത്തിച്ചുവരുന്നു.

സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനായി പുതുതായി അതിഥി പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തു. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അതിഥി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ സംസ്ഥാനത്തെത്തുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. അതിഥി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാര്‍ നയം മുന്‍നിര്‍ത്തി അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി അടുത്തിടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ ആയിരുന്നു സംസ്ഥാനതല വിതരണോദ്ഘാടനം.

എല്ലാവരേയും മുഖ്യധാരയിലെത്തിക്കുന്ന ദൗത്യത്തിനിടയില്‍ ആരേയും പിന്തള്ളാതെ ഒപ്പം കൂട്ടുകയാണ് കേരളം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!