കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കാസര്‍കോട് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ത്ഥി മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്.

ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഐഡിയല്‍ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ് അറിയിച്ചു.

ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റ് മാനേജര്‍ പടന്ന സ്വദേശി അഹമ്മദ്, മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂര്‍ കൊല്യ സ്വദേശി അനക്‌സ് ഗാര്‍, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്.

 

Share news
error: Content is protected !!
Scroll to Top