ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി. ചര്‍ച്ചയില്‍ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിര്‍ദേശങ്ങള്‍ കൈമാറിയത്. എന്തിനെ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ അറിയേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത ഇല്ല. ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്‌നം അല്ല. ഇന്നത്തെ മീറ്റിങ്ങില്‍ വ്യക്തത കുറവ് ഉണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു. സര്‍ക്കാരിന്റെ കരടിലെ നിര്‍ദേശങ്ങള്‍ ആര് നടപ്പാക്കുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു. രഹസ്യാത്മകതനിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന ഡബ്ല്യൂസിസിക്കെതിരെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത് വന്നിരുന്നു. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സിനിമയില്‍ തുല്യ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷനും തുല്യവേതനം നല്‍കണമെന്നതാണ് സുപ്രധാന നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഷൂട്ടിംഗ് സൈറ്റുകളില്‍ നിന്ന് ഒഴിവാക്കും. കൃത്യമായ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ ഫിലിം കമ്പനികള്‍ തയാറാകണം. സ്ത്രീകള്‍ക്ക് ഷൂട്ടിംഗ് സൈറ്റുകളില്‍ നിന്ന് താമസ സ്ഥലത്തേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണം. സൈറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമുണ്ടായാല്‍ നടപടി വേണം. സ്ത്രീകളോട് മാന്യമായി മാത്രം എല്ലാവരും പെരുമാറണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.




