Section

malabari-logo-mobile

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ മെയ് 15 മുതല്‍

HIGHLIGHTS : 'Karuthalum Kaithangum': Grievance Redressal Courts led by Ministers from May 15

 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ പരാതികള്‍ സ്വീകരിക്കും

മലപ്പുറം:മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ 15 വരെ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയുംം പരാതികള്‍ സ്വീകരിക്കും. മെയ് 15 ന് ഏറനാട്, 16 ന് നിലമ്പൂര്‍, 18 ന് പെരിന്തല്‍മണ്ണ, 20 ന് പൊന്നാനി, 22 ന് തിരൂര്‍, 25 ന് തിരൂരങ്ങാടി, 26 ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് അദാലത്തുകള്‍ നടക്കുക.

sameeksha-malabarinews

അദാലത്തില്‍ അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസവും നിരസിക്കലും, തണ്ണീര്‍ത്തട സംരക്ഷണം, വീട്, വസ്തു, -ലൈഫ് പദ്ധതി, വിവാഹ- പഠന ധനസഹായം മുതലായ ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കല്‍, പെന്‍ഷന്‍ അനുവദിക്കല്‍ ആവശ്യം, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം, അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, തെരുവ് വിളക്കുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, ശല്യം, വയോജന സംരക്ഷണം, വന്യജീവി ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/ അപേക്ഷകള്‍, മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്ന് വിതരണം, ക്ഷാമം, ശാരീരിക -ബുദ്ധി- മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കും.

എന്നാല്‍ നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപ്പോസലുകള്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, ജീവനക്കാര്യം (സര്‍ക്കാര്‍), സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളിലുള്ള ആക്ഷേപം, വായ്പ എഴുതി തള്ളല്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ), പോലീസ് കേസുകള്‍, ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍, ഭൂമിസംബന്ധമായ പട്ടയങ്ങള്‍, വസ്തു സംബന്ധമായ പോക്ക് വരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കില്ല.
കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

അദാലത്തുകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ  സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, സബ്കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!