കോഴിക്കോട് : പ്രശസ്ത സിനിമാ താരം കലിംഗ ശശി എന്ന വി. ചന്ദ്രകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്ന. ഏറെ നാള്‍ കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നാടകരംഗത്തുനിന്നാണ് കലിംഗ ശശി സിനിമയലേക്കെത്തുന്നത്. 1998 ല്‍ പുറത്തിറങ്ങിയ തകരച്ചെണ്ടയായിരുന്നു ആദ്യ ചിത്രം പിന്നീട് നാടകരംഗത്തേത്തക്ക് തന്നെ മടങ്ങിപ്പോയി. അമ്മാവന്‍ കൂടിയായ വിക്രമന്‍നായരുടെ സ്‌റ്റേജ് ഇന്ത്യ നാടകട്രൂപ്പിലാണ് അദ്ദേഹം ആദ്യമെത്തിയത് . സ്റ്റേജ് ഇന്ത്യയുടെ സാക്ഷാത്ക്കാരം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 25 വര്‍ഷത്തെ നാടകജീവിതത്തില്‍ 500ഓളം വേദികളില്‍ ചായമിട്ടു.
സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ രഞ്ജിത്തിന്റെ പാലേരിമാണിക്യത്തിലെ പോലീസ് ഓഫീസറുടെ വേഷമാണ് അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ നിര്‍ണായകമായത്. 250ല്‍ പരം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഓന്നാംതിയ്യതിയാണ് എന്ന ചിത്രത്തില്‍ നായകകഥാപാത്രവും ചെയ്തു.
കോഴിക്കോട്ടെ പ്രധാന നാടകട്രൂപ്പായ കലിംഗതിയ്യേറ്റേഴ്‌സിന്റെ പേര് ഒപ്പം ചേര്‍ത്തത് സംവിധായകനായ രഞ്ജിത്താണ്.
പാലേരിമാണിക്യത്തിന് പുറമെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ആമേന്‍, കസബ, പുലിമുരുകന്‍, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്റണി, ആമേന്‍, ആദാമിന്റെ മകന്‍ അബു, വെളളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഏഷ്യാനെറ്റിലെ മുന്‍ഷിയുലും വേഷം ചെയ്തു.
കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ചന്ദ്രശേഖരന്‍ നായരുടെയും, സുകുമാരി അമ്മയുടെയും മകനാണ്. ഭാര്യ പ്രഭാവതി.




