മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം: കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് പുറത്താക്കി

 തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്തു. ജോയിന്റ് സെക്രട്ടറി സാബ്ലു തോമസാണ് അറിയിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എം രാധാകൃഷ്ണനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോലി ചെയ്തിരുന്ന സ്ഥാപനവും സസ്‌പെന്റ് ചെയ്തിരുന്നു.

രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഇന്ന് നെറ്റ് വര്‍ക് ഓഫ് വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ നിരവധി പുരുഷ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

Related Articles