കേരളത്തില്‍ സമൂഹവ്യാപനമില്ല; മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതെസമയം ഭാവിയില്‍ ഉണ്ടാവുമോ എന്നത് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. എന്നാല്‍ നിലവില്‍ സാമൂഹിക വ്യാപനം സംശയിക്കുന്ന തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ല. സമ്പര്‍ക്കം വഴിയുള്ള രോഗപകര്‍ച്ച വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ന്യൂമോണിയ രോഗം കൂടുതലായി സ്ഥിരീകരിക്കുന്ന പ്രദേശങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ പ്രത്യേക ശ്രദ്ധനല്‍കും. സാമൂഹിക വ്യാപനം പരിശോധിക്കാനായി കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നുണ്ട്. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച തിരുവല്ല സ്വദേശി ജോഷി കഴിഞ്ഞ മാര്‍ച്ച് 18 മുതല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം 11 നാണ് ദുബായില്‍ നിന്നും തിരിച്ചെത്തിയത്. പ്രമേഹരോഗികൂടിയായിരുന്നു. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടും അദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഇറ്റിലിയില്‍ നിന്നുള്ള രോഗബാധിതര്‍ ഇവിടെ വരുമ്പോള്‍ അവിടെ രോഗം അത്രമാത്രം പടര്‍ന്നിരുന്നില്ല. രോഗം ബാധിച്ചവരെയെല്ലാം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. ഗള്‍ഫ് മേഖലയിലടക്കം രോഗവ്യാപനം കൂടുതലാണ്. മെയ് 7 ന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ട്. രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്കയില്ല. എന്നാല്‍ എത്തുന്നവരില്‍ പലരും അവശരായാണെന്ന് മന്ത്രി പറഞ്ഞു. പഴുതടച്ചുള്ള പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles