Section

malabari-logo-mobile

ഗുത്തിഹാറിലെ രാത്രികള്‍

HIGHLIGHTS : താജ്മഹലിലെ പൗര്‍ണ്ണമി ദിവസത്തിലെ മനോഹരമായ രാത്രി സ്വപ്നം കണ്ടിട്ട് എത്ര വര്‍ഷങ്ങളായെന്ന് നിനക്കറിയുമോ?. നിലാവില്‍ കുളിച്ച് കിടക്കുന്ന താജിന്റെ അകത്...

താജ്മഹലിലെ പൗര്‍ണ്ണമി ദിവസത്തിലെ മനോഹരമായ രാത്രി സ്വപ്നം കണ്ടിട്ട് എത്ര വര്‍ഷങ്ങളായെന്ന് നിനക്കറിയുമോ?. നിലാവില്‍ കുളിച്ച് കിടക്കുന്ന താജിന്റെ അകത്തളങ്ങളിലേക്ക് മുംതാസിന്റെ പ്രേതം കടന്നുവരാത്ത പൗര്‍ണ്ണമി രാത്രിയില്‍ ഇരുന്നൂറ് പേര്‍ക്ക് മാത്രമേ അവിടെ തങ്ങാനുള്ള അവസരമുള്ളൂ എങ്ങനെയൊക്കെയോ ലോകത്തിലെ ആ ഇരുനൂറ് പേരില്‍ കയറിപ്പറ്റിയപ്പോള്‍, നിന്റെയൊരു മുതലക്കാവ് യാത്ര. ദാര്‍ശനിക വിഷാദം മുഖത്ത് വാരിവലിച്ചിട്ട് രേഖാ പ്രശോഭ് യാത്രയുടെ ശോഭ കെടുത്താനില്ലെന്നും പറഞ്ഞ് വാട്‌സപ്പിലേക്ക് ആഴ്ന്നിറങ്ങി .

അല്ലെങ്കിലും പുരുഷന്‍മാരില്ലാത്ത ആദ്യ യാത്രയുടെ ത്രില്ലില്‍ കാറിനകത്തെ ബാക്കി നാലുപേരും ഒറ്റവന്‍കരയിലെ അനേകം നദികള്‍ കൊണ്ട് വലിച്ചുകെട്ടിയ കടലിലെ പായ്ക്കപ്പല്‍ പോലെ യാത്രാ സ്വപ്നങ്ങളില്‍ തിരമാലകളോടൊപ്പം ആഴ്ന്നും പൊന്തിയും യാത്രാസുഖത്തെ അനുഭവിക്കുകയായിരുന്നു.

sameeksha-malabarinews

മുതലക്കാവിലേക്കുള്ള മയൂഖയുടെ യാത്രാ തീരുമാനത്തെ ശക്തമായ് പിന്തുണച്ച് കൊണ്ട് വിനീതാ തോമസ് കാറിന്റെ സൈസ് ഗ്ലാസ്സ് തുറന്നിട്ട് പുറത്തുള്ള തണുത്ത കാറ്റിനെ കൊണ്ട് കാറിന്റെ അകമൊന്ന് വീശി.റോഡിന്നരികിലെ വയല്‍ക്കരക്കപ്പുറത്തെ ചെറിയ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. ഇത്ര സുഖമുള്ള വൈകുന്നേരം, അത്രമേല്‍ പ്രിയപ്പെട്ട യാത്ര, ഇതുവരെ കാണാത്ത പ്രദേശം റോഡിനിരുവശത്തെ പൂച്ചെടികളെ നോക്കി സ്മിതയും യാത്രയെ കെട്ടിപ്പുണര്‍ന്നു.അവളുടെ കൈകള്‍ക്ക് കാറിനകത്ത് നിന്നും പാലത്തിലൂടെ പുഴ കടക്കുമ്പോള്‍ പുഴയോടൊപ്പം ചുറ്റി കറങ്ങണമെന്ന് തോന്നി. യാത്രാ വേഗം കുടക് മലകള്‍ കയറിയുമിറങ്ങിയും ഗുത്തിഹാറിലേക്കുള്ള യാത്രാ ദൂരത്തെ കീഴടക്കുന്നുണ്ടായിരുന്നു. ഭര്‍ത്താക്കന്‍മ്മാരില്ലാത്ത യാത്രയുടെ വിഷമത്തെ ആദ്യ മണിക്കൂറില്‍ തന്നെ ഞെരിച്ചു കളഞ്ഞ ഹസീനാ സലാം ചുണ്ടിലെ ഗാന ശകലങ്ങള്‍ കാറിന് പുറത്തേക്കും ഒഴുക്കിവിട്ടു. ഇതിനിടയില്‍ രേഖാ പ്രശോഭ് മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു. ‘ലോകത്തിലെ ഏറ്റവും വില കൂടിയ വാനിറ്റി ബേഗ് ഹിമാലയത്തില്‍ കാണപ്പെടുന്ന മുതലത്തോല് കൊണ്ടാണത്രേ നിര്‍മ്മിക്കുന്നത് ‘ഒരു ബാഗിന് മൂന്ന് കോടിയാണത്രേ വില ‘ ഇവള്‍ക്കെങ്ങാനും ഇങ്ങനെ വല്ല ഉദ്ദേശവുമുണ്ടോ?
പക്ഷേ മയൂഖയുടെ രൂക്ഷമായനോട്ടം കൊണ്ട് പറഞ്ഞത് പിന്‍വലിച്ചെന്ന ഭാവം വരുത്തി രേഖാ പ്രശോഭ് മയൂഖയുടെ കവിളില്‍ നുളളി.

‘റോഡിനിരുവശത്തേയും ചെറിയ വൈകുന്നേരങ്ങള്‍ കാറിനകത്തിരിക്കുന്നവരുടെ ആഹ്‌ളാദത്തിലാവണം വലിയ പ്രഭാതങ്ങളായത്’ കാറ് നിറയെ മോഹമഴ പെയ്തു നിറയെ പ്രണയം നിറഞ്ഞു മടിക്കേരിയിലേക്കുള്ള ചെറിയ ചുരം കയറുമ്പോള്‍ ഫോര്‍ച്യൂണറിന്റെ ടയറുകളില്‍പ്പോലും രതി പടര്‍ന്നിരുന്നു.അതു കൊണ്ടാവണം ആ ദേശവും ആ വാഹനത്തെ അത്രമേല്‍ പുണര്‍ന്നത്.

ഇടയ്ക്ക് ചായ കുടിക്കാന്‍ നിര്‍ത്തിയ നേരത്താണ് വീട്ടിലേക്ക് വിളിക്കണമെന്ന് തോന്നിയത്.സാധാരണ യാത്രാവേളകളില്‍ ഭര്‍ത്താക്കന്മാരെ വിളിച്ചാല്‍ അവരത് ഇഷ്ടപ്പെടില്ല. ദേ അവരിപ്പം പതിനഞ്ച് മിസ്റ്റ് കോളാ കള്ളച്ചിരിയോടെ മയൂഖ പറഞ്ഞു. അവരഞ്ച് പേരും വീട്ടിലേക്ക് വിളിച്ചു വീട്ടുകാരന്റേയും മക്കളുടേയും ആധികുറച്ചു. സാധാരണ ഒന്നോ രണ്ടോ വാക്കുകളില്‍ സംസാരമവസാനിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ സംസാരം കൊണ്ട് കഥ പറയുകയായിരുന്നു. തട്ടുകടയില്‍ നിന്നും അതും ഈ പാതിരാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള സംഘം ചായ കുടിക്കുന്നത് കൊതിയോടെ നോക്കി നിന്ന മലയാളികളായ കോളേജ് പിള്ളേര്‍ കമന്റടി തുടങ്ങി കഴിഞ്ഞിരുന്നു ശല്യം സഹിക്കവയ്യാതായപ്പോള്‍ ടീമിലെ ലീഡറെന്ന് തോന്നിക്കുന്ന ആളുടെ അരികിലേക്ക് അപ്രതീക്ഷിതമായ് മയൂഖ കയറിയിരുന്നു അവന്റെ ബര്‍മുഡയുടെ നൂല്‍ബന്ധം അവസാനിക്കുന്ന ശരീര ഭാഗത്ത് കൈകള്‍ വെച്ച് ചോദിച്ചു എന്താണ് ‘ബ്രോ’ അപ്രതീക്ഷിതമായ മയൂഖയുടെ ഇരുത്തം ‘എരുമപ്പാലൊഴിച്ച ചായ അയാളുടെ വായില്‍ നിന്നും വഴുതിപ്പോയ്’ പകച്ചുപോയ സംഘം കൂടുതലൊന്നും പറയാതെ സ്ഥലംവിട്ടു. കാറിലിരുന്ന് അല്പം ടെന്‍ഷനോടെ സ്മിതചോദിച്ചു. എടീ അവരെങ്ങാന്‍? ‘അവരൊന്നും ചെയ്യില്ല’ മയൂഖ തുടര്‍ന്നു ഏത് വീര പുരുഷനും പെണ്ണൊന്ന് അപ്രതീക്ഷിതമായ് അരികത്തിരുന്നാല്‍ വിറച്ചുപോകുമെടീ ബാക്കിയൊക്കെ വെറും കുളൂസ് പറച്ചിലാ.അവര്‍ വീണ്ടും യാത്ര തുടര്‍ന്നു .വീട്ടുകാരെക്കുറിച്ചുള്ള ആധികൊണ്ടാവണം യാത്രാമധ്യേ റോഡിന്നരികിലെ വീടുകളിലെ ജനാലകള്‍ കാറിലിരുന്ന് കൈ നീട്ടി അടക്കണമെന്നവര്‍ക്ക് തോന്നിയത്.

മയൂഖ മുതലക്കാവിലെ ഉല്‍സവ വിശേഷങ്ങളിലേക്കും സ്ഥല ചരിത്രത്തിലേക്കും സംഭാഷണം മാറ്റിയപ്പോഴാണ് അവര്‍ കാറിലെ ഒറ്റക്കൂട്ടമായത് .

മുതലക്കാവ് പല കാലങ്ങളില്‍

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഒരു വൈകുന്നേരം മുതലക്കാവിനുള്ളിലെ ദൈവങ്ങളെ സങ്കല്പിച്ച കല്ലുകളില്‍ തേങ്ങ പൊട്ടിച്ചിതറി. ചിതറി വീണ തേങ്ങാ കഷ്ണങ്ങളുടെ ഘടന നിര്‍ണ്ണയിച്ച് നാരായണപ്പ ഗൗഡര്‍ വിളിച്ചു പറഞ്ഞു ‘നമ്മ പൂജ ആയിനവു ഹെഗ്‌ഡെ ആവതു’ പൂജ ഫലിച്ചെന്ന സന്തോഷത്താല്‍ അരികത്തിരിക്കുന്ന നാട്ടു ജന്മിയും ദേശക്കാരുടെ അവസാന വാക്കുമായ മനോഹര്‍ ഷെട്ടി ചിരിച്ചു. പുഴ ഇരുഭാഗത്തേക്കും പിരിഞ്ഞൊഴുകിയ കനത്ത കാടുകള്‍ നിറഞ്ഞ കരഭാഗത്താണ് കാട്ടുവേരുകളെ തഴുകി കടന്നു പോകുന്ന പുഴവെളളം അതിര്‍ത്തി നിര്‍ണ്ണയിച്ച മുതലക്കാവ് ക്ഷേത്രം. ഗുത്തിഹാറില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ നാട്ടുവഴിയും കാട്ട് വഴിയും താണ്ടി വേണം ഇവിടെയെത്താന്‍. വനാന്തരഭാഗത്തിന്റെ ഏറ്റവും മുകളില്‍ കൂടി ഒഴുകുന്ന നദിയിലും പരിസര പ്രദേശത്തും ധാരാളം മുതലകളുണ്ടായിരുന്നു അതുകൊണ്ടാണ് മുതലക്കാവെന്ന് ഈ പ്രദേശത്തെ വിളിച്ചത്. മനോഹര്‍ ഷെട്ടി മുതലക്കാവിന്റെ നടുമുറ്റത്തേക്കിറങ്ങി ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ കാവിന്റെ കവാടത്തിലേക്ക് കണ്ണുകളെറിഞ്ഞു. അടക്കിപിടിച്ച നിലവിളികള്‍ ഒതുക്കി വെച്ച മുഖഭാവത്തോടെയുള്ള പെണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് കാറിന്റെ മുറ്റത്തേക്ക് വഴി നടത്തിക്കുന്നു ‘സൗന്ദര്യങ്ങള്‍ കത്തിച്ച് വെച്ച നിറവിളക്ക് പോലെ അവളുടെ ശരീരം പാതി ഇരുട്ടിലും പ്രകാശിച്ചു അവള്‍ മാറ് മറച്ചിട്ടുണ്ടായിരുന്നില്ല. ഷെട്ടിയുടെ മുഖത്ത് വികാരങ്ങള്‍ ഒഴുകി നടന്നു കാട്ടുചെടികള്‍ക്കിടയില്‍ നിന്ന് മദ്യ കുപ്പി വലിച്ചെടുത്ത് അയാളുടെ കാമനകള്‍ക്ക് തീപിടിപ്പിക്കാന്‍ വായിലേക്ക് പകര്‍ന്നു. മുതലക്കാവിലപ്പോള്‍ മുതലകള്‍ കണ്ണടച്ച് വായ തുറന്ന് കിടപ്പുണ്ടായിരുന്നു. ചില മുതലകള്‍ അവയുടെ വാല് നിലത്തുരസി. കാവിലൂടെ ഓടുന്നുണ്ടായിരുന്നു. ഷെട്ടി തന്റെ മേല്‍മുണ്ട് വലിച്ചെടുത്ത് പെണ്‍കുട്ടിയെ മാറോട് ചേര്‍ത്തു.
‘രക്ഷൗമണ്‍പിലെ’ എന്ന അവളുടെ നിലവിളി കാട്ടിലകളില്‍ പ്രതിഫലിച്ചത് കൊണ്ടാവണം കാട്ടിലവ അസാധാരണമായ് ആടിയുലഞ്ഞത്. അയാളുടെ കാമനകളെ വിരലുകളിലേക്കും ചുണ്ടുകളിലേക്കും ഒഴുക്കിവിട്ട് വികാരങ്ങളെ ഇളക്കി മറിച്ചു.
‘താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ പെണ്‍കുട്ടികളെ വിവാഹപ്രായമെത്തിയാല്‍ പ്രദേശത്തെ ജന്മിമാര്‍ക്ക് കാഴ്ചവെക്കണം’ എന്ന അന്ധവിശ്വാസത്തിന്റെ ഇര ആയിരുന്നു ‘വെണ്‍മുഖി’ എന്ന് പേരുള്ള ഈ പെണ്‍കുട്ടി. ക്ഷേത്ര വിശ്വാസത്തിന്റെ നേരില്‍ കുടുക്കി നിര്‍ത്തിയ ഈ ആചാരത്തില്‍ താഴ്ന്ന ജാതിക്കാര്‍ കൂടുങ്ങി കിടന്നു. മനോഹര്‍ ഷെട്ടി തനിക്ക് കൈവന്ന സുവര്‍ണ്ണാവസരങ്ങള്‍ക്ക് ദൈവങ്ങളോട് മനസ്സില്‍ നന്ദി പറഞ്ഞു കൊണ്ട് വീണ്ടും വീണ്ടും അവളുടെ നഗ്നശരീരത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് മുതലകള്‍ ചീറിയടുത്ത് രണ്ടു പേരേയും കുടഞ്ഞിട്ടത്. വെണ്‍മുഖിയുടെ ശരീരഭാഗങ്ങള്‍ മുതലകള്‍ കടിച്ചുകീറി തൊട്ടടുത്ത മരത്തിലേക്ക് മരണവെപ്രാളത്തോടെ വലിഞ്ഞുകയറിയ മനോഹര്‍ ഷെട്ടി അല്‍ഭുതകരമായ് രക്ഷപ്പെട്ടു. വെണ്‍മുഖിയുടെ ശരീരഭാഗങ്ങള്‍ ദൈവത്തെ കുടിയിരുത്തിയ കല്ലുകളില്‍ ചോര കൊണ്ട് നനച്ചു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു ഗ്രാമമുഖ്യന്‍മാര്‍ തുടങ്ങി ദേശക്കാരെല്ലാവരും ഒത്തുചേര്‍ന്നു. സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ് വെണ്‍മുഖിയുടെ അനുജത്തി പുഴയില്‍ ചാടി ജീവനൊടുക്കി. വലിയ ദുരന്തത്തെ മറികടക്കാന്‍ മുതലക്കാവില്‍ മഷി നോക്കി പൂജാരി ദൈവഹിതമറിയട്ടെ എന്ന ഒറ്റ തീരുമാനത്തില്‍ അവര്‍ പിരിഞ്ഞു.

ദൈവഹിതം ഉടന്‍ തന്നെ മഷി നോട്ടത്തില്‍ വ്യക്തമായ് തെളിഞ്ഞു. വെണ്‍മുഖിയുടെ ആത്മാവിനുള്ള പ്രസാദമായ് മുതലച്ചോര നേദിക്കണം ഉത്സവനാളില്‍ വെളിച്ചപ്പാടുകള്‍ മുതലപ്പോര് നടത്തി ചോര തളിക്കുക കൂടാതെ മറ്റൊരു സുപ്രധാന തീരുമാനം കൂടെ ആയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായ് വെണ്‍മുഖിയെ മുതലക്കാവിലെ ദേവിയായ് സങ്കല്പിക്കാന്‍ മഷിനോട്ടത്തില്‍ തെളിഞ്ഞു. ഇവിടെ നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമാണ് അവിടെയിപ്പോഴും ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലയില്‍ കിടന്നുരുണ്ടാല്‍ തങ്ങളുടെ രോഗം മാറുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിനെയാണ് ‘മഡെ സ്‌നാന’ എന്നു വിളിക്കുന്നത്. ഈ ആചാരം ഈ അടുത്ത കാലം വരെ തുടര്‍ന്നിരുന്നു. അപ്പോള്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന ഈ ആചാരത്തിന് വലിയ അതിശയോക്തിയൊന്നുമില്ല. ‘അങ്ങനെ മേല്‍ജാതിക്കാര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവെക്കുന്നിടം അവര്‍ക്ക് പരിശുദ്ധമായ് തോന്നി’.
വളരെക്കാലം നിലനിന്നിരുന്ന ഈ ആചാരം ‘വെണ്‍മുഖി’ എന്ന് പേരുള്ള ദളിത് പെണ്‍കുട്ടിയുടെ മരണത്തോടെ അവസാനിച്ചു. പക്ഷേ അവിടം പില്‍ക്കാലത്ത് വലിയ ക്ഷേത്രമായ് മാറുകയായിരുന്നു. ഉല്‍സവങ്ങള്‍ക്ക് വരുന്നവര്‍ക്കെല്ലാം പനങ്കള്ള് പ്രസാദമായ് കൊടുക്കും. അതിഭീകരമായ മറ്റൊരു ചടങ്ങുണ്ട്. വെളിച്ചപ്പാടുകള്‍ ഉറഞ്ഞ് തുളളി വാളുകള്‍ കാട്ടിനുള്ളിലെ കല്‍ പ്രതിമയില്‍ വെക്കും നാഗങ്ങള്‍ മരത്തിലൂടെ ഇഴഞ്ഞ് വന്ന് ഫണം വിടര്‍ത്തി വാളുകളില്‍ ആഞ്ഞാഞ്ഞ് കൊത്തും, പിന്നീട് വെളിച്ചപ്പാടുകള്‍ വാളുയര്‍ത്തി കല്‍ പ്രതിമയ്ക്ക് ചുറ്റും വലയംവെയ്ക്കും. മന്ത്രധ്വനികള്‍ മുഴങ്ങും വാദ്യമേളങ്ങള്‍ പെരുക്കും. ധാരാളം മുതലകള്‍ നിറഞ്ഞ മുതലക്കുളത്തിലേക്ക് വെളിച്ചപ്പാടുകള്‍ വാളുമായ് എടുത്ത് ചാടും. വെള്ളത്തില്‍ വായ് ഭാഗം ഉയര്‍ത്തി നില്ക്കുന്ന മുതലകളെ ആഞ്ഞ് വെട്ടും ആ ചോര മുതലക്കാവില്‍ നേദിക്കും ചിലപ്പോള്‍ മുതലകള്‍ വെളിച്ചപ്പാടിനെ ചവച്ചരയ്ക്കും രണ്ടും സംഭവിക്കാം. ഗവണ്‍മെന്റ് ഇത്തരം മൃഗബലിയെ നിരോധിച്ചത് കൊണ്ട് വളരെ രഹസ്യമായ് ആചരിക്കുന്ന ചടങ്ങാണിത് ‘മുതലയുടെ രക്തം വെണ്‍മുഖിയുടെ ആത്മാവിനുള്ള പ്രസാദമാണ്’.

ഗുത്തിഹാറില്‍ നിന്ന് മുതലക്കാവിലേക്ക്

കേരളത്തിലെ മലയോര പട്ടണത്തെ ഓര്‍മ്മിപ്പിക്കുന്ന ആ തെരുവിനെ മയൂഖയും സംഘവും കൊതിയോടെ നോക്കി. ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള വിശ്രമകേന്ദ്രത്തില്‍ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം അവരുടെ വാസസ്ഥലം തുറന്ന് കിടന്നിരുന്നു ഗുത്തിഹാറിലെ രാത്രിയെ പ്രഭാതമാക്കാന്‍ അവര്‍ക്കിടയില്‍ സംസാരങ്ങള്‍ അവസാനിച്ചില്ല. അത്ര സുഖദമായ രാത്രിയുടെ നിര്‍വൃതിയില്‍ അനേകം കുളിര്‍ മഴകളെ ഉറങ്ങാതെ കൊണ്ടു. പിറ്റേന്ന് അതിരാവിലെ മുതലക്കാവിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങളില്‍ കിതച്ചുവീണു. ഒടുവില്‍ വേട്ടനായ്ക്കള്‍ കാവലിരിക്കുന്ന പന്നിഫാമും കടന്ന് അനേകം കാല്‍പ്പാദങ്ങള്‍ കൊണ്ട് ഭിന്നമാക്കിയ പുല്ലുകള്‍ക്കിടയിലൂടെ അവര്‍ വഴിനടന്നു. ആളുകള്‍ കടന്നു പോയതിന്റെ ലക്ഷണങ്ങള്‍ മരച്ചില്ലങ്ങളില്‍ വെപ്രാളപ്പെട്ട് ഓടി നടക്കുന്ന മലയണ്ണാനിലൂടെ അവര്‍ക്ക് മനസ്സിലായ്.

കാടിന്റെ ശാന്തമായ പാതകളെ അലോസരപ്പെടുത്തി കടന്നു പോയവരോട് ഒന്നും പറയാതെ വഴിവക്കിലെ കാട്ടുമരങ്ങള്‍ കാറ്റിനു വേണ്ടി വിശന്നു. അപ്പുറം വലിയ പുഴ ഒഴുകുന്നുണ്ടെന്ന സൂചന ആകാശം നോക്കിയാല്‍ കാണാം. രണ്ട് വഴികള്‍ പിരിഞ്ഞ് പോകുന്നിടത്തെ പുല്ല് മേഞ്ഞ വീട്ടില്‍ നിന്നും സുന്ദരിയായ യുവതി അവരുടെ കണ്‍വെട്ടങ്ങളിലേക്ക് ഇറങ്ങി വന്നു
‘ഈര് ദൂരെ പോപ്പണേ’
എവിടുത്തേക്കാണ് പോകുന്നതെന്ന തുളു ഭാഷയിലുള്ള അവളുടെ ചോദ്യത്തിന് മയൂഖയാണ് മറുപടി പറഞ്ഞത്. ‘ഞങ്ങള്‍ മുതലക്കാവിലേക്കാണ്’
ഓ മലയാളികളാണില്ലേ? എന്നാല്‍ കയറിയിട്ടു പോവൂ സ്‌നേഹപൂര്‍വ്വമുള്ള അവളുടെ പെരുമാറ്റം അവര്‍ക്കിടയില്‍ മതിപ്പുണ്ടാക്കി. അവളവര്‍ക്ക് പനങ്കള്ള് കൊടുത്തു മുതലക്കാവിലേക്കുള്ള വഴിയില്‍ അവളും ഒപ്പംകൂടി അവിചാരിതമായ വന്നു പെട്ട പെണ്‍കൂട്ട് അവരെ ആഹ്‌ളാദ ഭരിതരാക്കി. പേര് ചോദിച്ചപ്പോള്‍ ‘വെണ്‍മുഖി’ എന്ന് വെണ്‍ചിരിയാല്‍ അവള്‍ പറഞ്ഞപ്പോള്‍ കാറ്റ് അപ്രതീക്ഷിതമായ് കാട്ട് ചെടികളെ ഇളക്കി.

ഇരുണ്ട കാടിന്റെ പേടിപ്പിക്കുന്ന അകങ്ങളിലേക്ക് കാട്ടുമരങ്ങള്‍ വേര് പടര്‍ത്തിയ മുതലക്കാവിലേക്ക് അവര്‍ നടന്നടുത്തു കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത വിധം ആള്‍ക്കൂട്ടമുണ്ടായിരുന്നവിടെ. ആ ഘോരവനത്തിനകം ഇരുണ്ട പാറക്കൂട്ടങ്ങള്‍ക്ക് നടുവിലായ് വിഗ്രഹങ്ങള്‍ കാണാം അതിനഭിമുഖമായ് നദിയോട് ചേര്‍ന്നാണ് മുതലക്കുളം ഉല്‍സവങ്ങള്‍ തുടങ്ങിയെന്നറിയിച്ച് ബാന്റ് വാദ്യം മുഴങ്ങി വെളിച്ചപ്പാടുകള്‍ ഉറഞ്ഞ് തുള്ളി നാഗങ്ങള്‍ കാട്ടുമരങ്ങള്‍ക്കിടയിലൂടെ ഇറങ്ങി വന്നു വാളുകളില്‍ നാഗങ്ങള്‍ കൊത്തുമ്പോള്‍, മയൂഖയോടും സംഘത്തോടുമായ് യുവതി ചോദിച്ചു ‘പേടിയുണ്ടോ’
അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ഒരിക്കലുമില്ല , എങ്കിലുമവരഞ്ചു പേരും അവളോട് ചേര്‍ന്നു നിന്നു
പിന്നീട് മുന്നില്‍ കണ്ട കാഴ്ചകള്‍ക്ക് മീതേ ‘വിശ്വസനീയം’ എന്ന വാക്ക് തല ചുറ്റി വീണു. കാഴ്ചയുടെ വെട്ടങ്ങളിലേക്ക് അവിശ്വസനീയമാം വണ്ണം നിറഭേദങ്ങള്‍ വരുത്തി താളമേളങ്ങള്‍ വാദ്യങ്ങളുടെ വ്യത്യസ്തതയാല്‍ മറ്റൊന്നായ്. മന്ത്രധ്വനികള്‍ക്ക് പ്രകടമായ വ്യത്യാസം, വേഷങ്ങള്‍ ധരിച്ചവര്‍ക്ക് പലര്‍ക്കും അതില്ലാതായത് പോലെ തോന്നി
മാറ് മറച്ചിട്ടില്ലാത്ത പതിനേഴ് വയസ്സ് മാത്രം തോന്നിക്കുന്ന പെണ്‍കുട്ടി ‘രക്ഷൗമണ്‍പിലേ,രക്ഷൗമണ്‍പിലേ’ എന്നുറക്കെ നിലവിളിക്കുന്നു കൂട്ടത്തിലെ പ്രമാണിയെന്ന് തോന്നിക്കുന്നയാള്‍ പുലിനഖം ചരടില്‍ കോര്‍ത്ത് കെട്ടിയ ആഭരണം കൈകളുടെ മസിലിലേക്ക് പെരുപ്പിച്ച് കയറ്റി. രണ്ട് കാട്ട് വള്ളികള്‍ക്കിടയില്‍ നിന്നും ഒരു കുപ്പി വലിച്ചെടുത്ത് വായിലേക്ക് കമഴ്ത്തുമ്പോള്‍ ഇടതുകൈ കൊണ്ട് സുന്ദരിയായ പെണ്‍കുട്ടിയെ തന്റെ ശരീരത്തോട് ചേര്‍ത്തു പിടിക്കുന്നുണ്ടായിരുന്നു.

അരനൂറ്റാണ്ട് മുമ്പേ മനോഹര്‍ ഷെട്ടി എന്ന നാട്ടു ജന്മി മുതലക്കാവില്‍ വെച്ച് അക്രമിക്കപ്പെടുന്ന ദൃശ്യം കൂടി അവരുടെ അല്‍ഭുതങ്ങളുടെ കെട്ടില്‍ മാത്രം തൂക്കിയിട്ട മിഴികളില്‍ കിടന്ന് ആടുന്നുണ്ടായിരുന്നു. ദൂരക്കാഴ്ചയില്‍ പെണ്‍കുട്ടിയുടെ മുഖം വെണ്‍മുഖിയോട് സാമ്യപ്പെടുത്തി തരം നോക്കാന്‍ അല്‍ഭുത നിര്‍ഭരമായ ദൃശ്യങ്ങള്‍ അവരെ അനുവദിച്ചില്ല. മനോഹര്‍ ഷെട്ടിയുടെ വാരിയെല്ലിലേക്ക് ഒരിക്കല്‍ പോലും പ്രതീക്ഷിക്കാതെ കാട്ടുമരങ്ങള്‍ക്കിടയില്‍ നിന്നും വിഷം പുരട്ടിയ അമ്പ് ചോര തെറിപ്പിച്ച് കൊണ്ട് കടന്നു പോയ്. പക്ഷേ ആള്‍ബലങ്ങളുടെയും വിശ്വാസത്തിന്റേയും അകമ്പടി കൊണ്ടും തനിക്ക് നേരെ മാത്രമല്ല തങ്ങളുടെ വര്‍ഗ്ഗത്തിന്റെ നേര്‍ക്കുള്ള അമ്പാണെന്നത് തിരിച്ചറിഞ്ഞത് കൊണ്ടാവണം പെണ്‍കുട്ടിയേയും അമ്പെയ്തവളേയും ഷെട്ടിയുടെ ആള്‍ബലം ഒന്നിച്ച് പിടിച്ചത്. അവരുടെ ശരീരത്തിലേക്ക് ദൈവങ്ങളെ സങ്കല്പിച്ച കല്ലുകള്‍ അതി ശക്തമായ വീണു. ശരീരം പൊട്ടിച്ചിതറി കാലുകള്‍ വലിച്ച് പിടിച്ച് പൊട്ടിച്ചു തങ്ങള്‍ക്ക് നേരെയുള്ള ആദ്യ അക്രമണത്തെ അതും പെണ്‍കുട്ടികള്‍, വെണ്‍മുഖിയുടെ സഹോദരി ആയിരുന്നു അമ്പെയ്തവള്‍. അവരുടെ പക ഇരട്ടിച്ചു പെണ്‍കുട്ടിയുടെ ചോര പകയുടെ കൂട്ടചൊരിച്ചിലില്‍ ക്ഷേത്രമുറ്റത്തെ പുല്‍നാമ്പുകള്‍ ഏറ്റുവാങ്ങി. അവരുടെ കാലുകള്‍ ഇരു ഭാഗത്ത് നിന്നും വലിച്ച് പിളര്‍ന്ന് മരണമുറപ്പിക്കുന്ന നേരം വരെ വെട്ടിക്കീറി. തുടര്‍ന്ന് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ശേഷം അഴിച്ച് വിട്ട നുണകള്‍ കൊണ്ട് ആ കാവ് മൂടി. മുതല പിടിച്ചെന്ന പെരുംനുണകള്‍ ഇളക്കിവിട്ട് തങ്ങള്‍ക്ക് നേരെയുള്ള അക്രമണത്തെ പ്രതിരോധിച്ചു.

മാറ്റത്തിന് സാധ്യമായേക്കാവുന്ന വലിയ സായുധ പോരാട്ടത്തെ നുണകള്‍ കൊണ്ടും വിശ്വാസത്തിന്റെ പിന്‍ബലം കൊണ്ടും അഴിയാതെ കാട്ടുവള്ളികളില്‍ ചുറ്റിപ്പടര്‍ന്നു കിടന്നു .വെളിച്ചപ്പാടുകള്‍ നാഗങ്ങള്‍ ഫണം വിടര്‍ത്തി കൊത്തിയ വാളുകള്‍ വലിച്ചെടുത്തു. മുതല പിടിച്ച പെണ്‍കുട്ടിയുടെ ആത്മാവിനെ തൃപ്തിപ്പെടുത്താന്‍ മുതലക്കുളത്തിലേക്ക് എടുത്ത് ചാടി മുതലകള്‍ ഭയം കൊണ്ട് വാല് ചുഴറ്റി ഓടികൊണ്ടേയിരുന്നു.അപ്പോഴവര്‍ വെണ്‍മുഖിയെ നോക്കി പക്ഷേ അങ്ങനെയൊരാളെ ആ ചുറ്റുവട്ടത്ത് കണ്ടതേയില്ല. മുതലക്കാവില്‍ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു .അവിശ്വസനീയതയുടെ കുന്നിറങ്ങുമ്പോള്‍ മയൂഖയും സംഘവും വെയില്‍ താണ്കിടന്ന നദിയില്‍ നിന്നും കൊമ്പനാന നീരാടുന്നത് സ്വബോധത്തിന്റെ കണ്ണുകളിലൂടെ കണ്ടു. ചരിത്രത്തിലെറേയും അപമാനത്തിന്റെ ചോര ഒഴുക്കിവിട്ടവരായ് മാത്രം പരിഗണിക്കപ്പെട്ടവര്‍ അവകാശങ്ങളൊക്കെയും പിടിച്ചെടുത്തവരാണ്. ആരുടേയും ഔദാര്യമായിരുന്നില്ല എന്ന ചിന്ത കുന്നുകള്‍ കയറുന്നുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!