Section

malabari-logo-mobile

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

HIGHLIGHTS : Justice delayed equals justice denied: Chief Minister

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ വിവരങ്ങള്‍ വൈകി ലഭ്യമാക്കുന്നതു വിവരങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷന്‍ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവരാവകാശ അപേക്ഷകര്‍ക്കു പരമാവധി 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തില്‍ എന്നുകൂടി പറയുന്നുണ്ട്. എന്നാല്‍ പലപ്പോഴും 30-ാം ദിവസമേ മറുപടി നല്‍കൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ അപേക്ഷകളില്‍ സാങ്കേതികമായി മറുപടി നല്‍കുകയല്ല മറിച്ച് അപേക്ഷകര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണു വേണ്ടത്. വിവരാവകാശ ഓഫിസര്‍മാര്‍തന്നെ അപേക്ഷകള്‍ കുറ്റമറ്റ നിലയില്‍ കൈകാര്യംചെയ്താല്‍ അപ്പീലുകളും കേസുകളുമുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ ഉള്‍പ്പെടെ ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനാകും. അഞ്ചും ആറും വര്‍ഷം പഴക്കമുള്ള ആയിരക്കണക്കിനു ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ അതുകൊണ്ട് അപേക്ഷകര്‍ക്ക് എന്തെങ്കിലും ഫലമുണ്ടാകുമോ? അപേക്ഷകള്‍ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും തീര്‍പ്പാക്കുന്നതില്‍ ഓഫിസര്‍മാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.

sameeksha-malabarinews

ഉദ്യോഗസ്ഥര്‍ ജനപക്ഷത്തുനിന്നാണു പ്രവര്‍ത്തിക്കേണ്ടതെന്ന ബോധ്യം വിവരാവകാശ ഓഫിസര്‍മാര്‍ ഉള്‍ക്കൊള്ളണം. വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണു വിവരാവകാശ ഓഫിസര്‍മാര്‍. അവരുടെ ദൈനംദിന ജോലികള്‍ക്കു പുറമേയാണു വിവരാവകാശ മറുപടികള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അപേക്ഷകള്‍ നല്‍കുന്നവര്‍ ഒന്നുകില്‍ അവര്‍ക്കോ അല്ലെങ്കില്‍ സമൂഹത്തിനു പൊതുവേയോ പ്രയോജനം ലഭിക്കുന്നതരത്തിലുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്നതായിരിക്കും അഭികാമ്യം. അതു വിവരാവകാശ ഓഫിസര്‍മാരുടേയും കമ്മിഷന്റെയും ജോലിഭാരത്തില്‍ അയവുണ്ടാക്കും. പൊതുഅധികാര കേന്ദ്രങ്ങളിലെ അഴിമതി ഇല്ലാതാക്കുകയും അധികാര കേന്ദ്രങ്ങളെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയുമാണ് വിവരാവകാശ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അതിന്റെ ആമുഖത്തില്‍ത്തന്നെ പറയുന്നു. അധികാര കേന്ദ്രങ്ങളിലിരുന്നു വിനിയോഗിക്കുന്ന അധികാരങ്ങള്‍ സ്വയംഭൂവായി ലഭിച്ചതല്ല. അവ ജനങ്ങള്‍ നല്‍കിയതാണ്. അതുകൊണ്ടാണ് എല്ലാ അധികാരികളേയും പബ്ലിക് സര്‍വന്റ്‌സ് എന്നു പറയുന്നത്. ജനങ്ങളുടെ സേവകരാണ് എല്ലാവരും. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നതുതന്നെ ഇന്ത്യക്കാരായ നമ്മള്‍ എന്നാണ്. അതില്‍നിന്നുതന്നെ ജനങ്ങളാണു പരമാധികാരികള്‍ എന്നു വ്യക്തമാണ്.

സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും അഴിമതി രഹിതമായും ജനോപകാരപ്രദമായും കാലതാമസമില്ലാതെയും നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവരാണ് ഉദ്യോഗസ്ഥര്‍. കേരളം ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. അഴിമതി ഒട്ടുമില്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിന് ജീവനക്കാരും പൊതുജനങ്ങളും തുല്യമായി സഹകരിക്കണം. സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കൈക്കൂലി വാങ്ങില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്വയം നിശ്ചയിക്കണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഉദ്യോഗസ്ഥരെ തെറ്റായി സ്വാധീനിക്കില്ലെന്നു ജനങ്ങളും തീരുമാനിക്കണം. ഇതു രണ്ടും നടക്കണമെന്നുണ്ടെങ്കില്‍ രണ്ടു കൂട്ടര്‍ക്കും ഭരണഘടനയോട് അചഞ്ചലമായ കൂറും നിയമ വ്യവസ്ഥയോട് അതിരില്ലാത്ത വിധേയത്വവുമുണ്ടാകണം. അഴിമതി ഇല്ലാതാക്കുകയെന്നതു വിവരാവകാശ നിയമത്തിന്റെ ലക്ഷ്യവാചകങ്ങളിലൊന്നാണ്. രാജ്യത്തു വലിയ കോളിളക്കമുണ്ടാക്കിയ 2ജി സ്‌പെക്ട്രം അഴിമതി, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവ പുറത്തുവന്നതു വിവരാവകാശ നിയമത്തിന്റെ പ്രയോഗത്തിലൂടെയാണ്. അഴിമതി രഹിത ജനാധിപത്യ ഭരണ സംവിധാനം യാഥാര്‍ഥ്യമാക്കുന്നതില്‍ ഈ നിയമത്തിനു വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള പൗരന് സാമൂഹ മാറ്റത്തിനുള്ള പ്രവര്‍ത്തനത്തിനായുള്ള ശക്തമായ ഉപകരണമായി വിവരാവകാശ നിയമത്തെ മാറ്റാന്‍ കഴിയുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഡോ. വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. കെ.എം. ദിലീപ്, എ. അബ്ദുള്‍ ഹക്കിം, പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവരാവകാശ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!