52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ദൗപതി മുര്‍മു സത്യ വാചകം ചൊല്ലികൊടുത്തു. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്.കേരള മുന്‍ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ്യുടെ മകനാണ് ബി.ആര്‍ ഗവായ്.

കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്.

1985ല്‍ ഇരുപത്തഞ്ചാം വയസ്സില്‍ ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ ഗവായ് പിന്നീട് നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2000 ല്‍ നാഗ്പൂര്‍ ബെഞ്ചിലെ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2003 ല്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി. 2005ല്‍ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജി. 16 വര്‍ഷക്കാലത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആര്‍ ഗവായ് 2019-ലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗവുമായിരുന്നു ഗവായ്.

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരും പങ്കെടുത്തു. ഈ വരുന്ന നവംബറില്‍ ബി ആര്‍ ഗവായ് വിരമിക്കും.

 

Share news
error: Content is protected !!
Scroll to Top