Section

malabari-logo-mobile

വിസ്മയമായി തുടരുന്ന ജീത്തു ജോസഫ് മാജിക്ക്

HIGHLIGHTS : Jeethu Joseph Magic continues to be amazing drishyam 2

ആഭ ഇന്ദിര
ദൃശ്യം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചിത്രവും അതിലെ ഓരോ താരങ്ങളും ചര്‍ച്ചാ വിഷയമാണ്. അടുത്ത കാലത്ത് മലയാളത്തില്‍ ഇത്രയും ചര്‍ച്ചയായ ചിത്രം മറ്റൊന്നും ഇല്ലെന്ന് തന്നെ പറയാം. മലയാളി പ്രേക്ഷകര്‍ക്ക് അതുവരെ സുപരിചിതമല്ലാത്ത വഴിയിലുടെയായിരുന്നു ദൃശ്യം ആദ്യ ഭാഗം സഞ്ചരിച്ചത്. അതിനാല്‍ തന്നെ കാഴ്ചക്കാര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കാനും സംവിധായകന്‍ ജീത്തു ജോസഫിന് കഴിഞ്ഞിരുന്നു. മലയാളത്തില്‍ പിറന്ന ഈ ചിത്രം പിന്നീട് ഇന്ത്യന്‍ സിനിമയില്‍ തന്നെ വന്‍ വിജയമായിരുന്നു.

ദൃശ്യം ആദ്യഭാഗത്തിന്റെ വന്‍ വിജയമായിരുന്നു രണ്ടാം ഭാഗത്തിനായുള്ളപ്രേക്ഷകരുടെ പ്രതീക്ഷ. ആദ്യം ഭാഗത്തിനെ പോലെ പ്രതീക്ഷ വേണ്ട എന്ന് സംവിധായകന്‍ ഓരോ തവണ പറയുമ്പോഴും ഒരിക്കലും മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ട്‌കെട്ട് പ്രേക്ഷകരെ നിരാശയിലാഴ്ത്തില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ദൃശ്യം ഫെബ്രുവരി 19 ന് ആമസോണില്‍ റിലീസ് ചെയ്തപ്പോള്‍ ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യ വിരുന്നായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

sameeksha-malabarinews

2013 ല്‍ പ്രേക്ഷകര്‍ കണ്ട അതേ ജോര്‍ജ്ജ് കുട്ടിയും കുടുംബവും തന്നെയാണ് 2021 ല്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. കാലത്തിന്റെ മാറ്റവും കടന്നു വന്ന സാഹചര്യങ്ങളു ജോര്‍ജ്ജ് കുട്ടിയേയും കുടുംബത്തേയും അല്‍പം സീരിയസാക്കിയുണ്ട്. ഒരു പ്രതി സന്ധിയിലൂടെ കടന്നു വന്ന ഒരു കുടുംബത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ജോര്‍ജ്ജ് കുട്ടിയുടേയും കുടുംബാംഗങ്ങളുടേയും മുഖത്തും പെരുമാറ്റത്തിലും നിഴലിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നുള്ള പേടി ജോര്‍ജ്ജ് കുട്ടിക്കും കുടുംബത്തിനും മാത്രമല്ല കണ്ടു കൊണ്ടിരുന്ന ഓരോ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജോര്‍ജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും അതിജീവനകഥയാണ് ദൃശ്യം 2.

ആദ്യഭാഗത്തുണ്ടായിരുന്ന എല്ലാവരും രണ്ടാം ഭാഗത്തും തങ്ങളുടെ റോള്‍ മനോഹരമാക്കി. കഥാപാത്രങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു. ദൃശ്യം 2 ല്‍ എടുത്തു പറയേണ്ടത് നടന്‍ മുരളി ഗോപിയുടേതാണ്. പ്രതിനായകനായി എത്തി സിനിമ അവസാനിക്കുമ്പോള്‍ സഹനടനായി മാറുകയായിരുന്നു. ദൃശ്യം2 ല്‍ വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങള്‍ പോലും സിനിമയുടെ കഥാഗതിയെ മാറ്റിമറിക്കുന്നുണ്ട്. അത്രത്തോളം സൂഷ്മമായിട്ടാണ് സംവിധായകന്‍ ജീത്തു ജോസഫ് തിരക്കഥ ഫ്രെയിം ചെയ്തിരിക്കുന്നത്. ദൃശ്യം2 കാണുന്ന പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടതിന്റെ സങ്കടം മാത്രമായിരിക്കും ഇപ്പോള്‍ ഉണ്ടാവുക. സിനിമ അവസാനിക്കുമ്പോള്‍ ഇനിയും ജോര്‍ജ്ജ് കുട്ടിയും കുടുംബവും ഇവരുടെ പ്രശ്‌നങ്ങളുടെ ബാക്കിയായി മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തണമെന്നാണ് ആഗ്രഹിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!