കടുത്ത ചൂടിന് ആശ്വാസമായി മഴ; സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ടുള്ള ദിവസങ്ങളിൽ ലഭിക്കുന്ന വേനൽ മഴ താപനില ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പകൽ സമയത്ത് ശക്തമായ ചൂട് തുടരുമ്പോഴും വൈകുന്നേരങ്ങളിൽ ലഭിക്കുന്ന മഴ അന്തരീക്ഷ താപനില കുറയ്ക്കാൻ കാരണമാകും. എന്നാൽ മഴയ്ക്ക് മുമ്പുള്ള സമയങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നത് ചൂടും കൂടാൻ ഇടയാക്കും. ഇടിമിന്നൽ ജീവന് ഭീഷണിയായതിനാൽ മഴ തുടങ്ങുന്ന സമയത്ത് തന്നെ ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം.

കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 30 വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top