മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം വീടിന് മുകളിലേക്ക് വീണു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി ചാലു കീറുന്നതിനിടെയാണ് മണ്ണുമാന്തിയന്ത്രം വീടിന് മുകളിലേക്ക് വീണത്.
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ മേച്ചേരി പറമ്പില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി ചാലുകീറുമ്പോഴായിരുന്നു അപകടം.
ചാലുകീറിയപ്പോള്‍ ഒരു വശം മണ്ണില്‍ താഴ്ന്ന ജെസിബി മതില്‍ തകര്‍ത്തു കൊണ്ട് പുത്തലത്ത് കുഴിയില്‍ മോഹനന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ സണ്‍ഷൈഡും, ജനല്‍ച്ചിലും തകര്‍ന്നു.
ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഓണ്‍ലൈന്‍ ക്ലാസ് പഠിക്കുന്നതിനായി കുട്ടികള്‍ ഉള്‍പ്പെടെ വീടിന് അകത്തുണ്ടായിരുന്നു. അപകടം നടന്ന ഉടനെ സ്ഥലത്ത് എത്തിയ നാട്ടുകാര്‍ കയര്‍ക്കെട്ടി ജെസിബി തടഞ്ഞ് നിര്‍ത്തിയതിനാലാണ് ദുരന്തം ഒഴിവായത്. ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.




