ജനനായകനു പുതുപ്പള്ളിയില്‍ നിത്യവിശ്രമം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞിന് ഇനി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കല്ലറയില്‍ അന്ത്യ വിശ്രമം. തിരുനക്കരയില്‍ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയുടെ ഭാഗമായി.

ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നല്‍കിയത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ തിരുനക്കര ആള്‍ക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീര്‍പ്പൂക്കള്‍ സമ്മാനിച്ചു. 28 മണിക്കൂര്‍ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയില്‍ എത്തിയത്.

മൂന്നര മണിക്കൂര്‍ നീണ്ട പൊതുദര്‍ശനം അധികൃതര്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണിശതയോടെ അവസാനിപ്പിക്കുമ്പോഴും ഇരട്ടിയോളം ജനം പുറത്ത് ബാക്കിയായിരുന്നു. പുതുപ്പള്ളി തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനത്തിലും നിരവധി ജനങ്ങളെത്തി. ഭവനത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം നേതാവിന്റെ മൃതദേഹം പള്ളിയിലേക്ക് കൊണ്ട് പോകുമ്പോഴും പിരിയനാവതെ ജനം ഒപ്പം നിന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top