പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വയനാട്ടില്‍ മമത എത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയില്‍ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കൊല്‍ക്കത്തയില്‍ വെച്ച് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാര്‍ലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്തുണ നല്‍കുന്നത് ഉള്‍പ്പെടെ, പാര്‍ലമെന്റിലെ സഹകരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും പി ചിദംബരവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടെ ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. ഇതിനിടെയാണ് മമത, പ്രിയങ്കക്കായി കേരളത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

സഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു മമതയുടെ തീരുമാനം. അത് ഫലം കാണുകയും ചെയ്തു. ബിജെപിയുടെ വെല്ലുവിളിയെ അതിജീവിച്ച് 42 മണ്ഡലങ്ങളില്‍ 29-ലും തൃണമൂല്‍ വിജയിച്ചു.

വയനാട് എം.പി. സ്ഥാനം രാജിവെച്ച് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തുടരുമെന്ന പ്രഖ്യാപനം വന്നതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയെ വയനാട്ടിലെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

അതേസമയം വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top