പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അപായപ്പെടുത്തുന്ന വിധത്തിലുള്ള ഹിംസാത്മക സമീപനങ്ങളെ പ്രതിരോധിക്കാന്‍ പൊതുസമൂഹം സാംസ്‌കാരികമായി ശക്തിപ്പെടണമെന്ന് എക്‌സൈസ് – തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. തലക്കാട് ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി നിര്‍മ്മിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനവും ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ചെറിയ തര്‍ക്കങ്ങള്‍ പോലും വന്‍ സംഘര്‍ഷങ്ങള്‍ക്കും മൃഗീയമായ അക്രമങ്ങളിലേക്കും എത്തിയിരിക്കുകയാണ്. വിദ്യാഭ്യാസപരമായി മുന്നേറിയിട്ടും പൊതു സമൂഹത്തില്‍ ഇത്തരത്തില്‍ ഹിംസാത്മക സമീപനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ആക്രമണ സ്വഭാവമുള്ള വീഡിയോകള്‍ നിരന്തരം കണ്ട് മരവിച്ചാവണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിസ്സാരമായി കാണാന്‍ അവര്‍ക്ക് കഴിയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാംസ്‌കാരികമായ മുന്നേറ്റം കൂടിയേ തീരൂ. മറ്റുള്ളവരുടെ ആശയങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ഥലത്താണ് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി സാംസ്‌കാരിക നിലയം ഒരുക്കിയിട്ടുള്ളത്. തലക്കാട് ഗ്രാമപഞ്ചായത്ത് 13.55 ലക്ഷം രൂപ ചെലവിലാണ് സ്മാരക മന്ദിരം ഒരുക്കിയിട്ടുള്ളത്. വായനശാല, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 105 വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് മന്ത്രി നിര്‍വഹിച്ചത്. ഭൂമിയുള്ളവരുടെ വിഭാഗത്തില്‍ 459 വീടുകളുടെ അപേക്ഷയില്‍ 211 വീടുകളാണ് തലക്കാട് പഞ്ചായത്തില്‍ കരാര്‍ വെച്ചിട്ടുളളത്. ബി.പി അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ധീന്‍ മുഖ്യാതിഥിയായി.
തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വൈസ് പ്രസിഡന്റ് എ.കെ. ബാബു, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി. ഇസ്മായില്‍, ടി. കുമാരന്‍, തലക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി. അനിത, നുസൈബ എടത്തടത്തില്‍, എന്‍.പി ഷരീഫാബി, വാര്‍ഡ് അംഗം എം. സൗദാമിനി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനു അലക്‌സ് എന്നിവര്‍ സംസാരിച്ചു. അസി. എഞ്ചിനീയര്‍ നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



