Section

malabari-logo-mobile

ഐ.ടി ആക്ടിലെ 66 എ സുപ്രീം കോടതി റദ്ദാക്കി

HIGHLIGHTS : ദില്ലി: ഐടി ആക്ടിലെ 66 എ വകുപ്പ്‌ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 19ാം അനുഛേദത്തില്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്‌ ഈ നിയമമെന...

Supreme_Courtദില്ലി: ഐടി ആക്ടിലെ 66 എ വകുപ്പ്‌ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 19ാം അനുഛേദത്തില്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്‌ ഈ നിയമമെന്ന്‌ കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസ്‌ ജെ. ചലമേശ്വര്‍, ആര്‍ എഫ്‌ നരിമാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ്‌ വിധി.

66 എ ഈ നിയമം പൂര്‍ണമായും അവ്യക്തമാണെന്നും ഇത്‌ അറിയാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു.

sameeksha-malabarinews

നവമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനെ ശിക്ഷിക്കാന്‍ കഴിയുന്ന വകുപ്പാണ്‌ കോടതി റദ്ദാക്കിയത്‌. കേരള പോലീസ്‌ നിയമത്തില്‍ 118 ഡി വകുപ്പും കോടതി റദ്ദാക്കി. ടെലിഫോണിലൂടെയോ, കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഇമെയിലിലൂടെയോ അല്ലെങ്കില്‍ ഏതെങ്കിലും രീതിയിലുള്ള ഇത്തരം സംവിധാനങ്ങളിലൂടെയോ ഒരു വ്യക്തിയെ വാക്കാലോ അല്ലാതെയോ ശല്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ മൂന്ന്‌ വര്‍ഷം വരെ തടവും പിഴയും വിധിക്കുന്നതാണ്‌ ഈ വകുപ്പ്‌.

2000 ത്തിലെ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ടെക്‌നോളജി ആക്ടിലെ ഏറെ വിവാദമായ വകുപ്പാണ്‌ 66 എ. ഇന്റര്‍നെറ്റില്‍ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്ന പോസ്‌റ്റുകള്‍ ചെയ്യുന്നവരെ വാറണ്ടില്ലാതെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ അനുമതിയോടെ അറസ്‌റ്റു ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്‌. കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ മൂന്ന്‌ വര്‍ഷംവരെ തടവുശിക്ഷയും ലഭിക്കും.

നിയമവിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗാള്‍ 2012ല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി. ശിവസേന നേതാവ്‌ ബാല്‍ താക്കറെയുടെ മരണത്തിനുശോഷം മുംബൈയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനെ വിമര്‍ശിച്ച്‌ പോസ്‌റ്റിടുകയും അത്‌ ലൈക്ക്‌ ചെയ്യുകയും ചെയ്‌ത ഷഹീന്‍ ധാഡ, റിനു ശ്രീനിവാസന്‍ എന്നീ പെണ്‍കുട്ടികളെ അറസ്റ്റു ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ 66 എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌. കോമണ്‍ കോസ്‌ എന്ന എന്‍.ജി.ഒയും എഴുത്തുകാരി തസ്ലീമ നസ്‌റിനും ഈ നിയമത്തെ എതിര്‍ത്ത്‌ കോടതിയെ സമീപിച്ചിരുന്നു.

പോലീസിന്‌ ഏകപക്ഷീയമായ വ്യാഖ്യാനത്തിനു അനുമതി നല്‍കുന്ന ഈ നിയമം അവ്യക്തമാണെന്നും ഇതു ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നനും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

66 എ പ്രകാരം നിരവധി പേരാണ്‌ ഇന്ത്യയില്‍ അറസ്റ്റിലായിട്ടുള്ളത്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!