HIGHLIGHTS : Israel launches heavy attack on Gaza, killing 18

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. 18 പലസ്തീനികൾ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്. തെക്കൻ ഗസയിൽ ഇസ്രയേൽ സൈന്യത്തിനു നേരെ ഹമാസ് വെടിയുതിർത്തെന്ന് ആരോപിച്ചാണ് പ്രത്യാക്രമണത്തിന് ഉത്തരവ് നൽകിയത്. ബന്ദികളുടെ മൃതദേഹം കൈമാറിയതു സംബന്ധിച്ച തർക്കങ്ങളും ആക്രമണത്തിന് കാരണമായിട്ടുണ്ട്.
തങ്ങളുടെ കൈവശമുണ്ടായിരുന്ന മൃതദേഹം കുഴിച്ചുമൂടിയശേഷം പുറത്തെടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ഹമാസ് ശ്രമം നടത്തിയതായി ഇസ്രയേൽ ആരോപിച്ചു. ഹമാസ് കൈമാറിയ ഒരു മൃതദേഹഭാഗം രണ്ടു വർഷം മുമ്പ് മരിച്ച ബന്ദിയുടെതാണെന്നും നെതന്യാഹു ആരോപിച്ചു. ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബന്ദികളുടെ മൃതദേഹ കൈമാറ്റം ഹമാസ് നിർത്തിവച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം നിർത്തിവയ്ക്കുന്നത് അടക്കമുള്ള മാർഗങ്ങൾ ഇസ്രയേൽ നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.
ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ് എന്നിവയുൾപ്പെടെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ട്. ഗാസയിലെ ഇസ്രായേൽ സൈനികരെ ആക്രമിച്ചതിനും മരിച്ച ബന്ദികളെ തിരിച്ചയയ്ക്കുന്നതിനുള്ള കരാർ ലംഘിച്ചതിനും ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റഫയിലെ വെടിവയ്പ്പിൽ പങ്കില്ലെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. “ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ്,” സാധാഗരണരക്കാർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പാലിക്കാനും ഇസ്രയേലിന് സമ്മർദ്ദം ചെലുത്താൻ മധ്യസ്ഥരോട് സംഘം ആവശ്യപ്പെട്ടു.


