തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടില്‍ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മരണാനന്തര ജീവിതത്തില്‍ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മരിക്കാന്‍ അരുണാചല്‍ എന്ത് കൊണ്ട് തെരെഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും.
മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞത്. മൂവരും മികച്ച വിദ്യാഭ്യാസം തേടിയവരാണെന്നും മരണാനന്തരജീവിതം നല്ലതാകുമെന്ന് കരുതിയതുകൊണ്ടാവാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കള്‍ക്കൊപ്പം പോകും. ദമ്പതിമാരുടെയും സുഹൃത്തിന്റെയും മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറയുന്നത്. എന്നാല്‍ മരണം അസ്വാഭാവികമായാണ് തോന്നുന്നത്. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു. മരിക്കാന്‍ എന്ത് കൊണ്ട് അരുണാചല്‍ തെരഞ്ഞെടുത്തുവെന്ന് അന്വേഷിക്കുമെന്നും മൊബെല്‍ ഫോണ്‍ അടക്കം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം മൂന്ന് പേരും ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയില്‍ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇറ്റാനഗറിന് സമീപത്തെ സിറോ എന്ന സ്ഥലത്ത് ഹോട്ടലില്‍ മുറിയിലാണ് നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗറിലെ അധ്യാപിക ലതയുടേയും ഏക മകളാണ് മരിച്ച ദേവി. ഭര്‍ത്താവ് നവീന്‍ തോമസ് കോട്ടയം മീനടം സ്വദേശിയും റിട്ടയേഡ് ഉദ്യോഗസ്ഥരായ എന്‍എ തോമസിന്റെയും അന്ന തോമസിന്റെയും മകനുമാണ്. നഗരത്തിലെ ചെമ്പക സ്‌കൂളിലെ അധ്യാപികയാണ് മരിച്ച ആര്യ. മേലത്ത്‌മേല സ്വദേശി അനില്‍കുമാറിന്റെ ഏകമകളാണ്.
നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആര്യയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ ദേവിയും ഭര്‍ത്താവ് നവീനും സമാന ദിവസങ്ങളില്‍ സ്ഥലത്തില്ലെന്ന് മാത്രമല്ല അവര്‍ വിനോദയാത്രക്ക് പോയെന്നും ബന്ധുക്കളില്‍ നിന്ന് വിവരം കിട്ടി. ഇതെ തുടര്‍ന്ന് പൊലീസും പിന്തുടര്‍ന്നു. ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവായി. തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ പഠനകാലത്താണ് നവീനും ദേവിയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ജര്‍മന്‍ ഭാഷ പഠിച്ച ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും ഒരേ സ്‌കൂളില്‍ അധ്യാപകരായിരുന്നു. ദേവി സ്‌കൂള്‍ വിട്ട ശേഷവും സൗഹൃദം തുടര്‍ന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




