രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിട; വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോണ്‍: ക്രൈബ്രാഞ്ച്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച്. സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ ക്രൈബ്രാഞ്ച് തള്ളിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണും റീടെയില്‍ ഷോപ്പിന് വിറ്റത്.

രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റത്. അതിനാല്‍ കസ്റ്റംസ് സംഘം ഹോള്‍സെയില്‍ ഡീലറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്ന വാദത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചെന്ന് മാതൃഭൂമി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോളര്‍ക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. വാര്‍ത്താ പുറത്ത് വന്നത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് അവര്‍ പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top