പരപ്പനങ്ങാടി: കേരള സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷക്കായുള്ള പദ്ധതിയായ നിര്‍ഭയം മൊബൈല്‍ ആപ്ലിക്കേഷന്റെ പരിചയപ്പെടുത്തലും ബോധവല്‍ക്കരണ ക്ലാസും നടത്തി. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്നു എല്ലാവിധത്തിലുമുള്ള വെല്ലുവിളികള്‍ക്കും നിയമലംഘനങ്ങള്‍ക്കും പരിഹാരമായി 5 മിനിറ്റിനുള്ളില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കി അവര്‍ക്ക് വേണ്ട സഹായം എത്തിക്കുക എന്ന ഉദേശത്തില്‍ രൂപം കൊടുത്ത നിര്‍ഭയം ആപ്പിക്കേഷനെ കുറിച്ച് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡിലെ സ്ത്രീകള്‍ക്കായി കറുത്തേടത്ത് അംഗന്‍വാടിയില്‍ വച്ച് ക്ലാസ് നടത്തി.
നിര്‍ഭയം ആപ്പിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതും ആന്‍ഡ്രോയിഡ്, IOS പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാവുന്നതുമാണ്. സ്ത്രീകളുടെ ഉപയോഗത്തിനു മാത്രമായി നിര്‍മ്മിതമായിട്ടുള്ളതാണ് ഈ ആപ്ലിക്കേഷന്‍ . അപകടങ്ങളുണ്ടായാലോ മറ്റു നിയമ ലംഘനങ്ങള്‍ ഉണ്ടായാലോ ആപ്പിന്റെ ചുവന്ന നിറത്തിലുള്ള ഹെല്‍പ് ബട്ടണില്‍ 5 സെക്കന്റ് അമര്‍ത്തി പിടിച്ചു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ പോലും ജില്ലാ ആസ്ഥാനത്തുള്ള പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കും പോലീസ് സ്റ്റേഷനിലേക്കും സ്റ്റേഷന്‍ ജീപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ടാബുകളിലേക്കും ലൊക്കേഷന്‍ അടങ്ങുന്ന മെസേജുകള്‍ വരികയും ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അപകടത്തില്‍പ്പെട്ടയാളിന്റെ അരികിലേക്ക് പോലീസിന് ഏറ്റവും പെട്ടന്ന് എത്തിച്ചേരാനും പറ്റുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനരീതി. കൂടാതെ ആപ്പില്‍ സേവു ചെയ്തിരിക്കുന്ന നമ്പറുകളിലേക്കും അപകട സമയത്ത് റെഡ് ബട്ടണ്‍ അമര്‍ത്തുന്ന സമയത്ത് കോളുകള്‍ പോവുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ കറുത്തേടത്ത് അംഗന്‍വാടിയില്‍ വച്ചു നടത്തിയ പരീശന ക്ലാസില്‍ 50 ല്‍ പരം സ്ത്രീകള്‍ പങ്കെടുത്തു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ CPO സനല്‍, രാജാമണി എന്നിവര്‍ നിര്‍ഭയം ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പ്രയോജനങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.



