രാജ്യാന്തര ഊർജമേളയ്ക്ക് സമാപനം

എനർജി മാനേജ്‌മെന്റ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ മൂന്നു ദിവസമായി നടന്ന  കേരള രാജ്യാന്തര ഊർജമേള സമാപിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ ഫൗണ്ടർ ഡയറക്ടർ പ്രൊഫ. വി കെ ദാമോദരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  ജീവിത ശൈലിയിലുള്ള മാറ്റത്തിലൂടെ ഊർജ സംരക്ഷണത്തിന് ആക്കം കൂട്ടാമെന്നും ഊർജമേഖലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പകച്ചുനിൽക്കാതെ പരിഹാരം കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊർജമേളയുടെ  ഭാഗമായി പൊതുജനങ്ങൾക്കായും  എനർജി കോൺഗ്രസിലെ എനർജി ക്ലബ് കേരളയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്കായും നടന്ന ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു.

ബ്യൂറോ ഓഫ് എനർജി എഫിഷൻസി (സൗത്ത്) മീഡിയ അഡ്വൈസർ ചന്ദ്രശേഖര റെഡ്ഡി, എനർജി മാനേജ്‌മെന്റ്‌ സെന്ററിന്റെ എനർജി എഫിഷൻസി ഡിവിഷൻ മേധാവി ജോൺസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എനർജി മാനേജ്‌മെന്റ്‌ സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ സ്വാഗതവും ജോയിന്റ് ഡയറക്ടർ ദിനേശ് കുമാർ എ എൻ നന്ദിയും അറിയിച്ചു.

കാർബൺ രഹിത കേരളം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മേള ഹരിതകർമസേന അംഗങ്ങൾക്കുള്ള എൽ ഇ ഡി റിപ്പയറിങ് പരിശീലനത്തിനും വിദ്യാർത്ഥികൾക്കായുള്ള  സംസ്ഥാന തല മത്സരങ്ങൾ ഉൾപ്പെടുന്ന സ്റ്റുഡന്റ് എനർജി കോൺഗ്രസിനും  പുനരുപയോഗ ഊർജസ്രോതസ്സുകൾ, ഇലക്ട്രിക്ക് കുക്കിംഗ്, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ പ്രദർശനത്തിനും വിഷയാവതരണങ്ങൾക്കും വേദിയായി.

Share news
error: Content is protected !!
Scroll to Top