Section

malabari-logo-mobile

‘സര്‍ക്കാരിനായി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചു’; കേരള സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി

HIGHLIGHTS : 'Insulted after being asked to write a Kerala song for the government'; Sreekumaran Thambi against Kerala Sahitya Akademi

brihathi
തിരുവനന്തപുരം: സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി . സര്‍ക്കാരിന് വേണ്ടി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പി ആരോപിച്ചു. കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറും ഗാനം എഴുതാന്‍ ആവശ്യപ്പെട്ടത്. പിന്നീട്, എഴുതി കൊടുത്ത ഗാനം മാറ്റിയെഴുതാന്‍ ഇരുവരും ആവശ്യപ്പെട്ടു. തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളില്‍ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും
ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇക്കാര്യത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-

കേരളസാഹിത്യ അക്കാദമിയില്‍ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയില്‍ നിന്നുണ്ടായ ഒരു ദുരനുഭവം ഓര്‍മ്മ വന്നു. കേരള ഗവണ്‍മെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കര്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാന്‍ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാര്‍ഡ് നല്‍കിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നല്‍കിയിട്ടില്ല. ഞാന്‍ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല.അതുകൊണ്ടാണ്ഈ പാട്ടെഴുത്തില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചത്.. ( എന്തിന് ? ഇപ്പോള്‍ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല )

sameeksha-malabarinews

ശ്രീ.അബൂബക്കറും ശ്രീ..സച്ചിദാനന്ദനും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ ഞാന്‍ സമ്മതിച്ചു. അബൂബേക്കര്‍ എന്നോട് ചോദിച്ചു.–‘താങ്കളല്ലാതെ മറ്റാര് ? ‘ എന്ന് . ‘ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്’ എന്ന് പ്രതേകം നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാന്‍ ലളിതമാക്കി. ഒരാഴ്ചക്കുള്ളില്‍ ഞാന്‍ പാട്ട് എഴുതി അയച്ചു. ‘എനിക്ക് തൃപ്തിയായില്ല ‘
എന്ന് അബൂബേക്കറില്‍ നിന്ന് മെസ്സേജ് വന്നു. ഞാന്‍ ‘എങ്കില്‍ എന്നെ ഒഴിവാക്കണം ‘ എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദന്‍ എനിക്ക് മെസ്സേജ് അയച്ചു. ‘താങ്കള്‍ക്ക് എഴുതാന്‍ കഴിയും ‘എന്നു പറഞ്ഞു . ആദ്യ വരികള്‍ (പല്ലവി ) മാത്രം മാറ്റിയാല്‍ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ് ‘ എന്ന് അബൂബേക്കര്‍ പറഞ്ഞു. ഞാന്‍ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനു ശേഷം സച്ചിദാനന്ദനില്‍ നിന്ന് ‘നന്ദി ‘ എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല. അക്കാദമിയില്‍ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ‘ സാഹിത്യ അക്കാദമി കവികളില്‍ നിന്നും കേരളഗാനം ക്ഷണിക്കുന്നു ‘ എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളില്‍ വന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.

എന്റെ പാട്ട് അവര്‍ നിരാകരിച്ചു എന്നാണല്ലോ ഇതിനര്‍ത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കര്‍ എന്ന ഗദ്യകവിയുടെ മുമ്പില്‍ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്‌കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ് .
ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചിലവില്‍ റിക്കോര്‍ഡ് ചെയ്ത് ഞാന്‍ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വേണ്ടി യൂട്യൂബില്‍ അധികം വൈകാതെ അപ്ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകര്‍പ്പവകാശം വേണ്ട. വിദ്യാലയങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും കുട്ടികള്‍ക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴയുന്നത് ഇത് മാത്രമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!