
ന്യുഡല്‍ഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങളുടെ സർവീസുകൾ മുടങ്ങിയതിൽ പ്രതികരണവുമായി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുകയാണെന്നും ഇൻഡിഗോയുടെ പ്രവർത്തനം ഡിസംബർ 10-നും 15-നും ഇടയിൽ സാധാരണ നിലയിലാകുമെന്നും സിഇഒ പിറ്റർ എൽബേഴ്‌സ് അറിയിച്ചു.
‘ആയിരത്തിലധികം സർവീസുകൾ ഇന്ന് റദ്ദാക്കി. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദായി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തിയ സിഇഒ, അടുത്തിടെ നടപ്പിലാക്കിയ പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, സാങ്കേതിക പ്രശ്‌നങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും വ്യക്തമാക്കി. സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർലൈൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വഴി വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും കൃത്യത വീണ്ടെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതിനായി ഡിജിസിഎയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്’.
അതേസമയം, പ്രശ്‌നം പൂർണ്ണമായി പരിഹരിച്ച് സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാൻ 2026 ഫെബ്രുവരി 10 വരെ സമയം ആവശ്യമുണ്ടെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ കൂടുതലായി നിയമിക്കുകയും, റോസ്റ്റർ പുനഃക്രമീകരിക്കുകയും ചെയ്താൽ മാത്രമേ പുതിയ ഡ്യൂട്ടി നിയമങ്ങൾ പാലിച്ചുകൊണ്ട് സുഗമമായ സർവീസ് നടത്താൻ കഴിയുകയുള്ളൂ എന്നാണ് ഇൻഡിഗോ വ്യക്തമാക്കുന്നത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടതിനാൽ ടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകും. ഇന്നലെ യാത്ര മുടങ്ങിയ എല്ലാ യാത്രക്കാർക്കും ഇന്ന് സൗകര്യമൊരുക്കി. പുനക്രമീകരണത്തിനായി ഇന്ന് ഇത്രയും സർവീസുകൾ റദ്ദാക്കിയത്. നാളെ ഇത്രയും വിമാനങ്ങൾ റദ്ദാക്കില്ല. വരുന്ന 10 നും 15 നുമിടയിൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നും സിഇഒ വ്യക്തമാക്കി.
ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റിയതോടെ കുതിച്ചുയർന്ന് വിമാന ചാർജ്ജ്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഞായറാഴ്ച വരെയുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിയാണ് വര്‍ധിപ്പിച്ചത്. ഇത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാനനിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡല്‍ഹി, മുംബൈ, ബംഗളൂരു. ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ചു. നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിലാണ്. ഇന്ത്യയിലെ ആഭ്യന്തരസര്‍വീസുകളില്‍ അറുപത് ശതമാനവും ഇന്‍ഡിഗോ ആണ് നടത്തുന്നത്. ഇന്‍ഡിഗോ ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപെടുന്ന സാഹചര്യം ഉണ്ടായത്. ആ അവസരം മറ്റ് വിമാനക്കമ്പനികള്‍ മുതലെടുക്കുകയും ചെയ്യുന്നു.
ഞായറാഴ്ച വരെയുള്ള ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ വന്‍ തോതില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇന്നത്തെ ടിക്കറ്റുകള്‍ മുഴുവനായി വിറ്റുതീര്‍ന്നു. നാളെത്തെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.



