യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

യുദ്ധം നടക്കുന്ന യുക്രൈനിലെ ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ (22) യാണ് കൊല്ലപ്പെട്ടത്. ഖര്‍ഖീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.

ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം.

ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top