
കുവൈറ്റ്: കുവൈറ്റിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ സ്വന്തം രാജ്യത്തേക്ക് മാറ്റാന്‍ തീരുമാനമായതായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു. ഇന്ത്യയിലെത്തിയ ശേഷം ബാക്കി തടവ് ശിക്ഷ സ്വന്തം നാട്ടിലെ ജയിലുകളില്‍ അനുഭവിക്കും. തടവുകാരെ കൈമാറലുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായും അംബാസഡര്‍ അറിയിച്ചു. കുവൈറ്റ് അറ്റോര്‍ണി ജനറല്‍ ദറാര്‍ അല്‍ അസൂസിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്നും അംബാസഡര്‍ അറിയിച്ചു.
ധാരണ പ്രകാരം കൈമാറുന്ന തടവുകാരുടെ അന്തിമ പട്ടിക തയ്യാറായി. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ദീര്‍ഘകാലമായി കുവൈറ്റ് ജയിലുകളില്‍ കഴിയുന്ന തടവുകാരെയാണ് ഇന്ത്യയിലേക്ക് മാറ്റുന്നത്. ഇവരുടെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ ശിക്ഷ അനുഭവിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അംബാസഡര്‍ അറിയിച്ചു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിച്ച അറ്റോര്‍ണി ജനറലിന് നന്ദി പറഞ്ഞ അദ്ദേഹം, കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെട്ടതായും അറിയിച്ചു.
കഴിഞ്ഞ മാസം കുവൈറ്റില്‍ നിന്ന് 1764 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ വിവിധ കാരണങ്ങളാല്‍ 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് നാടുകടത്തപ്പെട്ടത്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും താമസ നിയമലംഘനം, അനധികൃത ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിപ്പ്, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പിടിയിലായവരാണ് . വിവിധ സുരക്ഷാ ഏജന്‍സികള്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പിടിക്കപ്പെട്ടവരും കോടതി നാടുകടത്താന്‍ ഉത്തരവിട്ടവരും ഈ കൂട്ടത്തിലുണ്ട്.




