Section

malabari-logo-mobile

ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ 10ന് കോടതിയില്‍ ഹാജരാക്കും

HIGHLIGHTS : ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ 10ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്ത്യന്‍ എംബസി ഡപ...

downloadദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ 10ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍ അറിയിച്ചു. കാപിറ്റല്‍ പൊലീസ് സ്റ്റേഷനില്‍ റിമാന്‍ഡില്‍ കഴിയുന്ന മീന്‍പിടുത്തക്കാരെ ഇന്നലെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 29 പേരാണ് കാപിറ്റല്‍ പൊലീസ് സ്റ്റേഷനിലുള്ളത്. ഇവര്‍ എല്ലാവരും തന്നെ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ളവരാണെന്ന് ശശികുമാര്‍ പറഞ്ഞു. യു എ ഇയില്‍ നിന്നും സെബ്തംബര്‍ 26ന് മൂന്നു ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘത്തെ 30നാണ് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തത്. മൂന്നു തവണ ഇവരെ പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ദോഹ ഇന്ത്യന്‍ എംബസി വാഗ്ദാനം ചെയ്തു. താരതമ്യേന ചെറിയ ജലാതിര്‍ത്തി മാത്രമുള്ള ഖത്തര്‍ തീരത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ ദിശമാറിയെത്തുന്നത് പതിവാണ്. ഇറാന്‍, ബഹറൈന്‍, സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇങ്ങനെ ദിശമാറിയെത്തി ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍പ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം നൂറോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വിവിധ സമയങ്ങളിലായി ഖത്തറില്‍ ജലാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ തടവിലായിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തിലും ബഹറൈന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!